സ്വീറ്റി, സീമ, സരസ്വതി, വിമല…ഒരു ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ വച്ച് ഹരിയാനയിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയ പേരുകളാണ്. അങ്ങനെ 25 ലക്ഷം കള്ളവോട്ടുകൾ. ആരോപണങ്ങൾ വ്യാജമെങ്കിൽ രാഹുലിനെ ജയിലിലടയ്ക്കണം. അല്ലെങ്കിൽ..?
പറഞ്ഞതു വ്യാജമാണെങ്കിൽ രാഹുൽ ഗാന്ധി, അല്ലെങ്കിൽ, ജനാധിപത്യത്തെ അട്ടിമറിച്ചവർ അഴിയെണ്ണണം. പ്രതിപക്ഷ നേതാവ് ഒന്നിനു പിറകെ മറ്റൊന്നായി പുറത്തുവിട്ട വോട്ടുകൊള്ള ആരോപണങ്ങളിൽ ഏറ്റവും പുതിയതാണ് ഹരിയാനയിലേത്. 25 ലക്ഷം വോട്ടുകൾ കവർന്നത്രേ. അതിനർഥം, ഓടു പൊളിച്ചിറങ്ങിയവരാണ് ഹരിയാനയിലും അധികാരത്തിലുള്ളത് എന്നാണ്. കോടതിയെയും പ്രതിപക്ഷത്തെയും ആട്ടിപ്പായിച്ച് ബിജെപി സ്വന്തമായി കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തെരഞ്ഞെടുപ്പുകളാണ് സംശയനിഴലിലായത്.
ഇത്തവണയും കമ്മീഷനു തൃപ്തികരമായ മറുപടിയില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, വ്യാജ സർക്കാരുകളാൽ ഭരിക്കപ്പെടുകയാണെന്ന സംശയം ബലപ്പെടുകയാണ്. തെരഞ്ഞെടുപ്പിനു മുന്പേ വിവാദമായ വോട്ടർപട്ടികയുമായി ബിഹാർ ഇന്ന് ഒന്നാം ഘട്ട വോട്ടിനായി പോളിംഗ് ബൂത്തിലാണ്. പലരുടെയും പേരുകൾ പട്ടികയിൽ ഉണ്ടാകുമോ? രക്ഷാകർത്താവോ മേൽവിലാസമോ ഇല്ലാത്തവരും വോട്ട് ചെയ്യാനെത്തുമോ? സിസിടിവി ദൃശ്യങ്ങൾ മാഞ്ഞുപോകുമോ…? പഴയ ചോദ്യങ്ങൾ ആവർത്തിക്കപ്പെടുകയാണ്.
ഇന്നലെ ന്യൂഡൽഹിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം. കർണാടകയിലെയും മഹാരാഷ്ട്രയിലെയും വോട്ടർപട്ടികയിലെ ക്രമക്കേടിനു തെളിവുമായി ഓഗസ്റ്റിലും സെപ്റ്റംബറിലുമെത്തിയ രാഹുൽ ഇത്തവണ ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകൾ നടന്നെന്നാണ് തെളിവുകൾ സഹിതം ആരോപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി ഇന്നലെയും ദുർബലമായിരുന്നു.
ഇക്കാര്യത്തിൽ ഒരു പരാതിയും വന്നില്ലെന്നും കോൺഗ്രസിന്റെ ബിഎൽഒമാരും പോളിംഗ് ഏജന്റുമാരും എന്ത് ചെയ്യുകയായിരുന്നെന്നുമായിരുന്നു പ്രതികരണം. ഇരട്ടവോട്ട് ഉണ്ടെങ്കിൽ അത് ഒരു പാർട്ടിക്കു മാത്രം ഗുണമാകുന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഹരിയാനയിൽ എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലവും പോസ്റ്റൽ വോട്ടുകളിൽ മുൻതൂക്കവും ഉണ്ടായിരുന്നിട്ടും ഫലം മറിച്ചായെന്നും തങ്ങളുടെ ഭാവി കവർച്ച ചെയ്യപ്പെടുകയാണെന്നു യുവാക്കൾ തിരിച്ചറിയണമെന്നും രാഹുൽ ഓർമിപ്പിച്ചു.
25 ലക്ഷം കള്ളവോട്ടുണ്ടായിരുന്ന ഒരു വോട്ടർപട്ടികയാണ് രാജ്യത്തെ ഭരണകൂടത്തിനും തെരഞ്ഞെടുപ്പു കമ്മീഷനും മുന്നിലേക്കു പ്രതിപക്ഷ നേതാവ് നീക്കിവച്ചിരിക്കുന്നത്. ഈ മോഷണക്കേസിലെ നാണംകെട്ട ചില കാഴ്ചകൾ വിദേശങ്ങളിൽ പോലും രാജ്യത്തിന് അപമാനമായി. സീമ, സ്വീറ്റി, സരസ്വതി തുടങ്ങിയ പേരുകളിൽ 22 തവണ വോട്ടർപട്ടികയിൽ ഉൾപ്പെട്ട യുവതിയുടേത് ബ്രസീലിയൻ മോഡലിന്റെ ഫോട്ടോയാണ്. അവർക്കിതു വെറുമൊരു കൗതുകമായിരിക്കാം. പക്ഷേ, ഇന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ബിഹാറിലെ വോട്ടർമാരുടെ അവസ്ഥ ഒന്നോർത്തു നോക്കൂ.
തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ തുടങ്ങിയ കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിലെ ജനങ്ങൾക്കുള്ള മുന്നറിയിപ്പാണിത്. നോക്കിനിന്നില്ലെങ്കിൽ വോട്ട് പോകും. ബിജെപിക്കാരുടെ വിശ്വാസം മാത്രം മതിയെന്നു കരുതുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരേ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവർ വിമർശനം നടത്തിയത് അടുത്തിടെയാണ്.
“രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ഗ്യാനേഷ് കുമാറിന്റെ നിർബന്ധവും അദ്ദേഹത്തിന്റെ അരിശവും വോട്ടർപട്ടികയുടെയും തെരഞ്ഞെടുപ്പു പ്രക്രിയയുടെയും വിശ്വാസ്യത സംശയത്തിലാക്കി. ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു വേണ്ടിയിരുന്നത്” എന്നാണ് അവർ പറഞ്ഞത്. കമ്മീഷനെതിരേ മൂന്നാം വട്ടവും ആരോപണമുയർന്നിരിക്കുന്നു. ഒരന്വേഷണവുമില്ല. ആരാണു കമ്മീഷനു ധൈര്യം പകരുന്നത്?
ഇന്നലത്തെ വെളിപ്പെടുത്തലിനു പിന്നിൽ ഏറെ അധ്വാനമുണ്ടെന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സർക്കാരിന്റെയും നിഗൂഢമായ നിസംഗത പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം വർധിപ്പിക്കും. അതെത്ര കഠിനമായാലും നിർവഹിച്ചേ തീരൂ. ആരോപണങ്ങൾ ശരിയാണെങ്കിൽ കർണാടകത്തിലും മഹാരാഷ്ട്രയിലും ഹരിയാനയിലും വിജയകരമായി വോട്ട് മോഷ്ടിച്ചിട്ടും പിടിയിലാകാത്തവർ ബിഹാറിലുമെത്തിയേക്കും.
തെളിവ് കൊടുത്തിട്ടും കാവൽക്കാർ കൊള്ളക്കാരെ തെരയുന്നില്ലെന്നു മാത്രമല്ല, വിശ്വസനീയമായൊരു മറുപടി പോലുമില്ല. ജനങ്ങളുടെ വിരൽത്തുന്പിലുള്ളത് വെറും മഷിയല്ല, ഒരു സാമ്രാജ്യത്തെ തുരത്തിയവർ തലമുറകൾക്കു കൈമാറിയ ജനാധിപത്യ മുദ്രയാണ്. മായ്ക്കാൻ ശ്രമിക്കരുത്, ആരായാലും.
