മനുഷ്യനിർമിതവും അല്ലാത്തവയുമായ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്പോൾ രക്ഷാപ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ എഐ നിർമിത റോബോട്ടുകളെ അവതരിപ്പിച്ച് കാസർഗോഡ് ഇരയനി ജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥികൾ. കെ. ശ്രീനന്ദും പി.ജി. അദ്വൈതുമാണ് ഡിസാസ്റ്റർ എയ്ഡ് റോബോട്ടുകൾക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ.
മനുഷ്യനുകടന്നുചെല്ലാൻ കഴിയാത്ത ദുരന്തമുഖങ്ങളിൽ ഇവരുടെ ഡിസ് എയ്ഡ് ബോട്ട് വളരെ എളുപ്പത്തിൽച്ചെന്ന് മനുഷ്യസാനിധ്യം കണ്ടെത്തും. ചൂരൽമല, പെട്ടിമുടി ദുരന്തങ്ങളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താനും തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്താനും ഏറെ പ്രയാസപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു റോബോട്ടിനെ വികസിപ്പിക്കാൻ ഇരുവരും തീരുമാനിച്ചത്.
ഏത് ഭൂതലപ്രദേശത്തും മനുഷ്യസാന്നിധ്യം, താപനില, ജലനിരപ്പ്, അന്തരീക്ഷത്തിലെ ഹ്യുമിഡിറ്റി, വാതകങ്ങളുടെ സാനിധ്യം എന്നിവ തിരിച്ചറിയാൻ കഴിയും എന്നതാണു പ്രത്യേകത. ഇതെല്ലാം ബ്ലൂടൂത്ത് കണക്ടിവിറ്റിയുടെയും വെബ്സൈറ്റിന്റെയും സഹായത്തോടെ സ്ക്രീനിൽ കാണാനും സാധിക്കും. എൻവിഡ ജെറ്റ്സണ് നാനോ എന്ന സാങ്കേതിക വിദ്യയാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. വിവരങ്ങൾ കൈമാറാൻ എംക്യു ടിടി എന്ന പ്രോട്ടോക്കോളാണ് ഉപയോഗിക്കുന്നത്.
അപകടത്തിൽപ്പെട്ട ആളുകളെ പെട്ടെന്നുകണ്ടെത്താൻ സാധിച്ചാൽ ഗോൾഡൻ അവറിനുള്ളിൽതന്നെ ചികിത്സ നൽകാൻ കഴിയും. ഇത് നിരവധിയാളുകളുടെ ജീവൻ രക്ഷിക്കാൻ ഉപകരിക്കും.
സമതലം, മലയിടുക്ക്, കയറ്റിറക്കങ്ങൾ ഉൾപ്പെടെ ഏതു പ്രതിസന്ധിയെയും മറികടന്ന് ചെല്ലാൻ കഴിയും ഡിസ് എയ്ഡ് ബോട്ടിന്. 12 വാട്ടിന്റെ രണ്ട് ബാറ്ററിയും 5000 എംഎഎച്ചിന്റെ ബാറ്ററിയുമാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത് 12 വാട്ടിന്റെ 100 ആർപിഎമ്മുള്ള രണ്ട് മോട്ടറുകളും ഘടിപ്പിച്ചിട്ടുണ്ട്. 22000 രൂപയാണ് ആകെ ചെലവ്.

