വീടിനുള്ളിൽ സസ്യങ്ങൾ (ഇൻഡോർ പ്ലാന്റുകൾ) വളർത്തുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തുമെങ്കിലും ഒരു മുറിയിൽ ധാരാളം സസ്യങ്ങൾ വളർത്തന്നത് യഥാർഥത്തിൽ നമ്മെ സമ്മർദത്തിലാക്കുമെന്ന് പഠനം. വീടുകളിലെ സസ്യങ്ങളും പ്രകൃതിദത്തഘടകങ്ങളും മാനസികസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇൻഡോർ പ്ലാന്റുകൾ മുറിക്കുള്ളിൽ വളർത്തുന്നതിനു പിന്നിൽ സ്ട്രസ് കുറയ്ക്കുക എന്ന ലക്ഷ്യവുമുണ്ട്.
എന്നാൽ, മുറിക്കുള്ളിൽ ചെടികൾ ധാരാളമായി വളർത്തിയാൽ നെഗറ്റീവ് ഫലമായിരിക്കും സൃഷ്ടിക്കുക. അതായത് സ്ട്രസ് ഇരട്ടിയാകും! സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ചട്ടിയിൽ നട്ടുപിടിപ്പിച്ച ചെടികളും ജനാലയിലൂടെയുള്ള കാഴ്ചയും ആളുകളെ കൂടുതൽ സന്തോഷത്തിലേക്കു നയിച്ചതായി ഫലങ്ങൾ കാണിച്ചു. എന്നാൽ സസ്യങ്ങളുടെ എണ്ണം വർധിച്ചപ്പോൾ. ഗവേഷണത്തിൽ പങ്കെടുത്തവർക്ക് കൂടുതൽ സമ്മർദം അനുഭവപ്പെടാൻ തുടങ്ങി. ഗവേഷണത്തിനു നേതൃത്വം കൊടുത്ത ഇവാ ബിയാഞ്ചി വിശദീകരിച്ചത് ഇങ്ങനെയാണ്: “മുറിയുടെ ഏകദേശം 60 ശതമാനം ഭാഗവും സസ്യങ്ങളാൽ നിറഞ്ഞിരിക്കുമ്പോഴാണ് പങ്കെടുക്കുന്നവരുടെ സമ്മർദനില ഏറ്റവും ഉയർന്നത്…’
ഈ വിഷയത്തിൽ ധാരാളം ഗവേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും വ്യത്യസ്ത രീതിശാസ്ത്രങ്ങൾ നേരിട്ടുള്ള താരതമ്യങ്ങൾ അസാധ്യമാക്കുന്നുവെന്ന് പഠനത്തിൽ പങ്കെടുത്ത പ്രൊ. സാറാ ബില്ലിംഗ്ടൺ വിശദീകരിച്ചു. ഈ പോരായ്മ പരിഹരിക്കുന്നതിനായി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സംഘം “നേച്ചർ വ്യൂ പൊട്ടൻഷ്യൽ’ എന്ന സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തു. ഇത് ഒരു മുറിക്കുള്ളിൽ ഒരാൾ ശരാശരി എത്ര സസ്യങ്ങൾ കാണുന്നു എന്ന് അളക്കുന്നു. ഈ സോഫ്റ്റ്വെയറും 3ഡി മോഡലിംഗ് സാങ്കേതികതയും ഉപയോഗിച്ച്, ഗവേഷകർ വ്യത്യസ്ത അളവിലുള്ള സസ്യങ്ങൾ, ജനാലകളിൽ നിന്നുള്ള പ്രകൃതിദത്ത കാഴ്ചകൾ എന്നിവയുള്ള 11 ഡിജിറ്റൽ കോൺഫറൻസ് റൂമുകൾ സൃഷ്ടിച്ചു.
പഠനത്തിൽ ആകെ 412 പേർ പങ്കെടുത്തു. ഓരോ വ്യക്തിയെയും ഒരു വെർച്വൽ മുറിയിൽ ഇരുത്തി, അത് അവരുടെ പുതിയ ജോലിസ്ഥലമായി സങ്കൽപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അവർക്ക് ബുദ്ധിമുട്ടുള്ള നേരിയ സമ്മർദമുണ്ടാക്കുന്ന ജോലികൾ നൽകി.
ഒരു മുറിയിലെ ചില പ്രകൃതിദത്ത ഘടകങ്ങൾ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പഠന ഫലങ്ങൾ വെളിപ്പെടുത്തി, എന്നാൽ അമിതമായ ഇൻഡോർ പ്ലാന്റിന്റെ സാന്നിധ്യം സമ്മർദ്ദത്തിനും കാരണമായെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

