കൊച്ചി: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്. എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം.
എറണാകുളം – ബംഗളുരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു. ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11, 16,17 തിയതികളില്‍ ടിക്കറ്റില്ല. എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എ സി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.

