ന്യൂഡൽഹി: ഇന്ത്യക്കെതിരേ ഭീകരരെ പരിശീലിപ്പിക്കാൻ പാക്കിസ്ഥാൻ രഹസ്യകേന്ദ്രം. പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) നിയന്ത്രണത്തിലുള്ള “എസ്1′ കേന്ദ്രമാണ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും.
1993ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ഭീകരാക്രമണം വരെ നടത്തിയത് ഇവിടെ പരിശീലനം നേടിയവരാണെന്നും റിപ്പോർട്ട്. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“എസ് 1′ എന്നാൽ “സബ്വേർഷൻ 1′ എന്നാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ആക്രമണങ്ങൾക്കു ഭീകരരെ പരിശീലിപ്പിക്കുന്ന പ്രധാനകേന്ദ്രമാണ് “എസ് 1′. പാക്കിസ്ഥാൻ ആർമിയിലെ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ “എസ് 1′ ഭീകരകേന്ദ്രത്തെ നയിക്കുന്നു. ഉയർന്ന റാങ്കിലുള്ള രണ്ട് ഓഫീസർമാരാണ് പരിശീലനത്തിന്റെ ചുമതല വഹിക്കുന്നത്.
ഇവർ “ഗാസി 1′, “ഗാസി 2′ എന്ന സീക്രട്ട് പേരിൽ അറിയപ്പെടുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായാണ് ഭീകരകേന്ദ്രം പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് ഇടപാടുകളിൽനിന്നു ലഭിക്കുന്ന പണമാണ് ഇവരുടെ പ്രധാനവരുമാനം. “എസ് 1′ ഉദ്യോഗസ്ഥരും പരിശീലകരും എല്ലാത്തരം ബോംബുകളും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധരാണ്. കൂടാതെ വിവിധതരം ചെറു ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും സമർഥരാണ്. ഇന്ത്യയിലെ പ്രധാനസ്ഥലങ്ങളുടെ വിശദമായ ഭൂപടങ്ങൾ യൂണിറ്റിന്റെ പക്കലുണ്ടെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ 25 വർഷമായി എസ്1 പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഇന്ത്യയുടെ സുരക്ഷാഏജൻസികൾ അടുത്തിടെയാണ് അതിന്റെ പ്രവർത്തനങ്ങളുടെ മുഴുവൻ വ്യാപ്തിയും മനസിലാക്കിയത്. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പ്രത്യേകമായി ചുമതലപ്പെടുത്തിയിരിക്കുന്ന “എസ് 1′ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരഗ്രൂപ്പുകളുമായും ബന്ധപ്പെട്ടിരിക്കുന്നു.
ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ ഭീകര പരിശീലന ക്യാമ്പുകൾ “എസ് 1′ ഉദ്യോഗസ്ഥർ സന്ദർശിക്കാറുണ്ട്. “എസ് 1′ വളരെ രഹസ്യമായി പ്രവർത്തിക്കുന്നതിനാൽ പല ഭീകര ഗ്രൂപ്പുകൾക്കും അവരുടെ പരിശീലകർ ഇവിടെനിന്നുള്ളവരാണെന്ന് അറിയില്ലെന്നും ഇന്റലിജൻസ് ഏജൻസികൾ പറഞ്ഞു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ആയിരക്കണക്കിന് തീവ്രവാദികൾക്ക് “എസ് 1′ പരിശീലനം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

