പതിവുപോലെ നെല്ലുസംഭരണം ഇത്തവണയും വൈകി. പാലക്കാട്ടും ആലപ്പുഴയിലും കുട്ടനാട്ടിലുമൊക്കെ മില്ലുകാരുടെ ലോറിയെത്തുന്നതും കാത്ത് പാടത്ത് കർഷകർ കാവലിരിക്കുകയാണ്. 10 വർഷം അവസരം കിട്ടിയിട്ടും ഈ പ്രശ്നത്തിനു ശാശ്വതപരിഹാരമുണ്ടാക്കാൻ സർക്കാരിനു കഴിഞ്ഞില്ല. നെൽകൃഷിയുടെ ചെലവും സംഭരിക്കുന്നതിലെ വീഴ്ചയും സംഭരണവില കൊടുക്കാനുള്ള താമസവുമൊക്കെ ഈവിധമാണ് തുടരുന്നതെങ്കിൽ ഏറെ വൈകാതെ മലയാളി ചോറുണ്ണണമെങ്കിൽ പത്തായം പെറേണ്ടിവരും. അല്ലെങ്കിൽ, കാര്യപ്രാപ്തിയുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നു സ്ഥിരമായി അരിയിറക്കണം. ഒരു കൊയ്ത്തുകാലത്തെങ്കിലും കാര്യങ്ങൾ നേരേചൊവ്വേ നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ!
സംസ്ഥാനത്തൊട്ടാകെ കൊയ്ത നെല്ല് കിളിർക്കാതിരിക്കാൻ പലരും പകൽ വെയിലു കൊള്ളിക്കുകയാണ്. 100 കിലോ നെല്ല് കുത്തി അരിയാക്കുമ്പോൾ 68 കിലോയാണ് സർക്കാരിനു തിരിച്ചു നൽകേണ്ടത്. നഷ്ടമായതുകൊണ്ട് സർക്കാർ നിബന്ധന ഇത്തവണ സമ്മതിക്കില്ലെന്നാണ് മില്ലുടമകൾ പറയുന്നത്. എങ്കിൽ 65.5 കിലോയെങ്കിലും മതിയെന്നു വിട്ടുവീഴ്ച ചെയ്തിട്ടും 64.5 കിലോയിൽ അവർ ഉറച്ചുനിൽക്കുകയാണ്. വേറെ മാർഗം നോക്കുമെന്നു സർക്കാർ പറയുന്നതൊക്കെ ഒത്തിരി കേട്ടതാണെന്ന മട്ടിലാണ് മില്ലുകാർ.
മാത്രമല്ല, കൊയ്ത് ഉണക്കിക്കൊണ്ടിരിക്കുന്ന നെല്ലിന്റെ തൂക്കം ദിവസം വൈകുന്തോറും കുറയുമെന്നും അവർക്കറിയാം. കേരളത്തിലെ മുഴുവൻ നെല്ലും സംഭരിക്കാനുള്ള ചുമതല സപ്ലൈകോയ്ക്കാണ്. ഇത് അരിയാക്കി തിരികെ നൽകാൻ മില്ലുകളെയാണ് അവർ ചുമതലപ്പെടുത്തുന്നതെങ്കിലും ഓരോ കൊയ്ത്തുകാലത്തും വിവിധ വാദങ്ങളുന്നയിച്ച് മില്ലുടമകൾ വിലപേശും. ഇത്തവണ പഞ്ചായത്തു തെരഞ്ഞെടുപ്പ് ആസന്നമായതുകൊണ്ട് സർക്കാർ പതിവിലേറെ അനങ്ങുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ കാര്യമറിയാവുന്ന മില്ലുടമകളും തന്ത്രപരമായ നീക്കത്തിലാണ്.
നെല്ല് സംഭരിക്കാൻ തയാറാണെന്ന് 31 സഹകരണ സംഘങ്ങൾ അറിയിച്ചതായി മന്ത്രി വി.എൻ. വാസവൻ കഴിഞ്ഞദിവസം പാലക്കാട്ട് പറഞ്ഞിരുന്നു. ഗോഡൗൺ ഇല്ലാത്തവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും ബാങ്കുകൾ മില്ലുകൾക്ക് നെല്ല് കൊടുക്കുമെന്നുമാണ് മന്ത്രി അറിയിച്ചത്. സപ്ലൈകോയ്ക്ക് ഫണ്ട് ഉണ്ടെന്നും നെല്ലെടുത്ത് ഒരാഴ്ചയ്ക്കകം പണം നൽകുമെന്നുമാണ് അവകാശപ്പെട്ടത്. ഫണ്ട് പ്രശ്നം ഉണ്ടെങ്കിൽ കേരള ബാങ്ക് സഹകരണ സംഘങ്ങൾക്ക് നൽകും, മറ്റ് ജില്ലകളിലും സമാന മാതൃക സ്വീകരിക്കും, ഇതൊരു സ്ഥിരം സംവിധാനമാക്കും…
കാര്യങ്ങൾ ഇത്ര നിസാരമായിരുന്നെങ്കിൽ എന്തിനായിരുന്നു ഇക്കാലമത്രയും കർഷകരെ പാടത്തിരുത്തിയത്? 1,400 കോടി രൂപ കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നൽകാനുണ്ടെന്നാണ് സർക്കാർ പറയുന്നത്. വയനാട് ദുരന്തത്തിലുൾപ്പെടെ പലതിലും കേന്ദ്രം കേരളത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുന്നത് പുതിയ കാര്യമല്ല. ചില കാര്യങ്ങളിലെങ്കിലും നടപടിക്രമങ്ങൾ സംസ്ഥാനം സമയത്തു പൂർത്തിയാക്കിയില്ലെന്ന ആരോപണം കേന്ദ്രവും ഉന്നയിക്കുന്നുണ്ട്. അതെന്തായാലും അനുഭവിക്കുന്നത് കർഷകരാണ്.
നെൽകൃഷിയല്ലാതെ മറ്റൊരു വരുമാനമാർഗവുമില്ലാത്ത ആയിരക്കണക്കിനു കർഷകരുണ്ട് കേരളത്തിൽ. വിതയും വളമിടലും കൊയ്ത്തും മെതിയുംപോലെ നെല്ല് സംഭരണം ആവശ്യപ്പെട്ടുള്ള സമരവും അവരുടെ കൃഷിയുടെ ഭാഗമായി. ഈ കർഷകരും അവരുടെ അധ്വാനഫലം വച്ചു വിലപേശുന്ന മില്ലുകാരും 10 കൊല്ലമായിട്ട് ഇതിനൊരു പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലാത്ത സർക്കാരും കേരളത്തിലെ നെൽകൃഷിയുടെ ദുരന്തകാഴ്ചയാണ്. പലരും പാടങ്ങൾ തരിശിട്ടുതുടങ്ങി.
ബാക്കിയുള്ളവരെയും പാടത്തുനിന്നു കയറ്റുന്ന സമീപനമാണ് സർക്കാരിന്റേത്. അല്ലെങ്കിൽ കൊയ്ത്തുകാലത്തിനു മുന്പേ മില്ലുകളുമായി വ്യവസ്ഥയുണ്ടാക്കുമായിരുന്നു. വിറ്റ നെല്ലിന്റെ വില കിട്ടാത്തതിനാൽ വിതയ്ക്കാൻ വായ്പയെടുക്കേണ്ടി വരില്ലായിരുന്നു.‘പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഉണ്ണി ഉണ്ണും’ എന്ന പഴഞ്ചൊല്ലിന്റെ നിസംഗത കേരളത്തിലെ നെൽകൃഷിയെ വിഴുങ്ങുകയാണ്. പത്തായം പെറില്ലെന്ന് ഈ സർക്കാരിനു മാത്രം മനസിലായിട്ടില്ല.
