ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ജുഡീഷൽ, സൈനിക സംവിധാനങ്ങൾ പൊളിച്ചെഴുതുന്ന 27-ാം ഭരണഘടനാ ഭേദഗതി പാർലമെന്റിലെ സെനറ്റ് സഭ ഇന്നലെ പാസാക്കി. ഇതോടെ കരസേനാ മേധാവി അസിം മുനീർ സംയുക്ത സേനാ മേധാവിയായി ഉയരും.
ഭേദഗതി പ്രകാരം സ്ഥാപിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് എന്ന പുതിയ തസ്തികയിലായിരിക്കും അസിം മുനീറിനു നിയമനം ലഭിക്കുക. കര, നാവിക, വ്യോമ സേനകൾ തസ്തികയ്ക്കു കീഴിലായിരിക്കും. അണ്വായുധങ്ങൾ കൈകാര്യം ചെയ്യുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിന്റെ മേധാവിയെ നിയമിക്കാനുള്ള അധികാരവും മുനീറിനുണ്ടാകും.
മേയിൽ ഇന്ത്യയുമായുണ്ടായ നാലു ദിവസത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനിലെ പുതിയ നീക്കങ്ങളെന്ന് പറയുന്നു. പാക്കിസ്ഥാനിൽ ഭരണഘടനാ കോടതി രൂപവത്കരിക്കാനും ഭേദഗതിയിൽ നിർദേശമുണ്ട്.

