കൊച്ചി: ചെറിയ വാഹനങ്ങള്‍ ആയാല്‍പ്പോലും പൊതു നിരത്തുകള്‍ പോര്‍ക്കളങ്ങളാക്കി അശ്രദ്ധയോടെയും അമിതവേഗത്തിലും വാഹനമോടിക്കുന്നവരെ സംസ്ഥാനത്തിന്റെ പലയിടത്തും ഇന്ന് കാണാം.
വേഗതക്കുതിപ്പില് മറ്റുള്ളവരുടെ ജീവനെടുത്തും സ്വന്തം ജീവിതം ബലികൊടുത്തും നിരത്തുകള്‍ ചോരക്കളങ്ങളാക്കി മാറ്റുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. കുട്ടി ഡ്രൈവര്‍മാര്‍ക്കുമുള്ള മുന്നറിയിപ്പാണിത്.
റോഡ് റേഞ്ച് വേണ്ട
വാഹനമോടിക്കുന്നയാള്‍ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തില്‍ മറ്റു ഡ്രൈവര്‍മാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയാണ് റോഡ് റേഞ്ച്. നിരന്തരമായി ഹോണ്‍ മുഴക്കിയതിനെച്ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെച്ചൊല്ലിയോ ഒക്കെ നിരത്തുകളില്‍ വാഗ്വാദം കാണാം.
കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നതും ഇറങ്ങേണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി ബസ് നിറുത്തിയതുമൊക്കെ നിരത്തുകളില്‍ വെല്ലുവിളിക്കും വഴക്കിനും അടിപിടിക്കും കാരണമാകും. ക്ഷമിക്കാവുന്ന നിസാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനുപകരം ഈഗോയും കോംപ്ലെക്സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
ഇതു ശ്രദ്ധിക്കാം
* നിരത്ത് മത്സരവേദിയല്ല. സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക
* വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും.
* മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക.
* ആവശ്യക്കാരെ കടത്തിവിടണം
* അത്യാവശ്യത്തിനു മാത്രം ഹോണ്‍ മുഴക്കുക.
* മദ്യപിച്ച് വാഹനം ഓടിക്കരുത്
* ഒന്നിലധികം പാതകളുള്ള ഹൈവേകളില്‍ കൃത്യമായ ട്രാക്കുകള്‍ പാലിച്ചുമാത്രം വാഹനമോടിക്കുക.
* അപമര്യാദയോടെയുള്ള പെരുമാറ്റങ്ങള്‍ നിരത്തില്‍ ഒഴിവാക്കണം
* നിരത്തുകളില്‍ അച്ചടക്കം കാത്തുസൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്തം കൂടെയാണ്.
സ്വന്തം ലേഖിക

