ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ് പുനരാരംഭിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതിനിടെ അടിയന്തര നടപടിക്കുള്ള എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) നാടകം വിമര്‍ശനങ്ങള്‍ക്കു വിധേയമായി.
എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം. സത്യനാരായണന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരുദിവസംതന്നെ രണ്ട് മെയില്‍ അയച്ചതാണ് വിമര്‍ശനമുണ്ടാക്കിയത്. വൈകുന്നേരം അഞ്ചിനു മുമ്പ് ഫീഡ്ബാക്ക് നല്‍കണമെന്ന നിര്‍ദേശത്തോടെ രാവിലെ ആദ്യ മെയില്‍ അയച്ചു. തുടര്‍ച്ച് ഫീഡ്ബാക്ക് നല്കുകയല്ല, രാത്രി ഏഴിന് സൂം മീറ്റിംഗില്‍ പങ്കെടുക്കണമെന്ന നിര്‍ദേശത്തോടെ രണ്ടാമതും മെയില്‍ അയയ്ക്കുകയായിരുന്നു.
ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫീഡ്ബാക്കാണ് എം. സത്യനാരായണല് എക്സിക്യൂട്ടീവ് കമ്മിറ്റിയില്നിന്നാരാഞ്ഞത്. ഐഎസ്എല്‍ നടത്താനുള്ള നീക്കം നടത്തിയേ മതിയാകൂ എന്നും കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ച മെയിലില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
37.4 കോടി രൂപ
റിലയന്‍സ് ഗ്രൂപ്പ് (ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍, 15 വര്‍ഷത്തേക്കുള്ള വാണിജ്യ പങ്കാളിത്തത്തിനായാണ് എഐഎഫ്എഫ് പ്രൊപ്പോസല്‍ ക്ഷണിച്ചത്. വര്‍ഷം 37.4 കോടി രൂപയാണ് എഐഎഫ്എഫ് വാണിജ്യ പങ്കാളിത്തത്തിനായി വിലയിട്ടതെന്നതും ശ്രദ്ധേയം. ഈ മാസം ഏഴായിരുന്നു ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി.
വാണിജ്യ പങ്കാളിത്തം ഏറ്റെടുക്കാന്‍ കമ്പനികള്‍ തയാറാണെങ്കിലും നിലവിലെ രീതിയില്‍ പണം മുടക്കാന്‍ തയാറല്ല. നിലവിലെ സുപ്രധാന പ്രശ്നം വാണിജ്യ പങ്കാളിത്തക്കാര്ക്കോ ക്ലബ്ബുകള്‍ക്കോ കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഫെഡറേഷനിലാണ് (എഐഎഫ്എഫ്) ലീഗിന്റെ പൂര്‍ണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്. അതേസമയം, ഫെഡറേഷന് പണം മുടക്കുന്നില്ല.
വെബ്സൈറ്റ് നിര്‍മാണം അടക്കമുള്ള ചെറിയ കാര്യങ്ങളില്‍പോലും ഫെഡറേഷന്റെ അനുമതി വേണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഐഎസ്എല്‍ ഗവേണിംഗ് കൗണ്‍സിലില്‍ കൊമേഷ്യല്‍ പാട്ണര്‍ക്ക് ഒരു സീറ്റ് മാത്രമേയുള്ളൂ. എഐഎഫ്എഫ് ആറില്‍ രണ്ട് സീറ്റ് കൈയടക്കിവച്ചിരിക്കുകയാണെന്നതാണ് ഇന്‍വെസ്റ്റേഴ്സ് മുന്നോട്ടുവരാത്തതിന്റെ സുപ്രധാന കാരണം.
ബിസിസിഐ സഹായം?
ഇന്ത്യയിലെ ഫുട്ബോളിനെ രക്ഷിക്കാന്‍ ക്രിക്കറ്റ് ഭരണ സംഘമായ ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) മുന്നോട്ടുവരുമോ എന്ന ചോദ്യവും ഇതിനിടെ ഉദിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ സീനിയര്‍ ഒഫീഷല്‍ നടത്തിയ പ്രസ്താവനയാണ് ഇതിനു പിന്നില്‍. ബിസിസിഐ ഇന്ത്യന്‍ ഫുട്ബോളിനെ സ്പോണ്സര് ചെയ്യണമെന്നായിരുന്നു ഈസ്റ്റ് ബംഗാള്‍ ഒഫീഷലിന്റെ വാക്കുകള്‍. ഐഎസ്എല്‍ സ്വന്തം കാലില്‍ നില്ക്കുന്നതുവരെ, കുറച്ചു വര്‍ഷത്തേക്ക് ബിസിസിഐ സഹായിച്ചാല്‍ ഇന്ത്യന്‍ ഫുട്ബോളിന് അതൊരു വലിയ സഹായമാകുമെന്നും ഈസ്റ്റ് ബംഗാള്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

