ചേർത്തല: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സുഹൃത്തുക്കളായ നാല് യുവാക്കളെ കോടതി കഠിനതടവിന് ശിക്ഷിച്ചു.
ചേർത്തല നഗരസഭ 30-ാം വാർഡ് കുട്ടപ്പുറത്ത് വീട്ടിൽ പ്രമോദ് (വാവാ പ്രമോദ്), നഗരസഭ 28-ാം വാർഡ് നെല്ലിക്കൽ ലിജോ ജോസഫ്, തൈക്കൽ പട്ടണശേരി കോളനി നിവാസികളായ പ്രിൻസ്, ജോൺ ബോസ്കോ എന്നിവരെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് എസ്. ലക്ഷ്മി ശിക്ഷിച്ചത്.
2018 ആഗസ്റ്റ് 16ന് ചേർത്തല ചുടുകാട് ജംഗ്ഷന് സമീപത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും രണ്ടു ബൈക്കുകളിലായി എത്തി ഹെൽമറ്റും കല്ലുംകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ചേർത്തല സ്വദേശിയെ അവിടെ കൂടിയ അയൽവാസികൾ ഉടനടി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്.
ചേർത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകളിൽ ഏഴുവർഷം കഠിന തടവിനും 50,000 രൂപ നഷ്ടപരിഹാരം നൽകാനുമാണ് കോടതി ശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. രാധാകൃഷ്ണൻ കോടതിയില്‍ ഹാജരായി.

