പിന്നണി ഗായികയായി സിനിമയിലെത്തിയ താരമാണ് ആൻഡ്രിയ ജെർമിയ. ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ, അഭിനേത്രി എന്നീ നിലകളിലും ഇന്ന് ആൻഡ്രിയ തിളങ്ങുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന താരം തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ്. അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെയും മനം കവർന്നിട്ടുണ്ട് താരം.
ഇപ്പോഴിതാ താൻ സഹ നിർമാതാവ് കൂടിയായ പിസാസിന്റെ രണ്ടാംഭാഗം റിലീസ് ചെയ്യാത്തതിൽ ആൻഡ്രിയ ജെർമിയ നിരാശ പ്രകടിപ്പിക്കുകയാണ്. സിനിമ റിലീസ് ചെയ്യാത്തത് വലിയൊരു തിരിച്ചടിയാണെന്നു പറയുകയാണ് ആൻഡ്രിയ. സഹ നിർമാതാവ് ആകും മുന്‍പ് അത് എന്നിലേക്ക് എത്തിയത് ഒരു അഭിനേത്രി എന്ന നിലയിലാണ്.
ഇതിനെക്കുറിച്ച് വളരെ ചുരുക്കത്തിൽ പറഞ്ഞാൽ, ആ സമയത്ത് ജീവിത സാഹചര്യങ്ങൾ കാരണം എന്റെ പ്രോജക്ടുകളിൽ കൂടുതൽ നിയന്ത്രണം വേണമെന്ന് ഞാൻ ആഗ്രഹിച്ചു. കാരണം എന്റെ പല സിനിമകളും റിലീസ് ചെയ്യുന്നില്ല. ഒരു ആക്ടർ എന്ന നിലയിൽ, പ്രത്യേകിച്ച് ഒരു ഫീമെയിൽ താരം എന്ന നിലയിൽ അത് എന്നെ നിസഹായയാക്കിയിരുന്നു. അതിനാൽ, ഭാവിയിൽ അത്തരം സിനിമകൾ ചെയ്യുകയാണെങ്കിൽ എനിക്ക് അതിൽ ഒരു വലിയ പങ്ക് വഹിക്കണമെന്ന് ഞാൻ കരുതി. ഞാൻ ഒരു പ്രത്യേക മാനസികാവസ്ഥയിലായിരുന്ന സമയത്താണ് ഈ സിനിമ എനിക്ക് വരുന്നത്. അത് പൂർത്തിയാക്കിയ ശേഷം റിലീസ് ചെയ്യാൻ തയാറായതുമാണ്.
പിസാസു 2 റിലീസ് ചെയ്യാത്തത് എനിക്ക് വലിയൊരു തിരിച്ചടിയാണ്. കാരണം ഞാൻ പറഞ്ഞതുപോലെ, അത് പൂർണമായും തയാറായിക്കഴിഞ്ഞതാണ്, റിലീസ് തീയതി വരെ പ്രഖ്യാപിച്ചു. പക്ഷ,േ കാരണങ്ങൾ അറിയില്ല, അത് നടന്നില്ല-ആൻഡ്രിയ പറഞ്ഞു. കവിനോടൊപ്പം അഭിനയിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ മാസ്കിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിനോട് സംസാരിച്ചപ്പോഴാണ് ആൻഡ്രിയ ഇക്കാര്യം പറഞ്ഞത്.
പിസാസു 2 എന്റെ കരിയറിലെ ഏറ്റവും മികച്ച വർക്ക് ആയിരുന്നു. മാസ്കിന്റെ മുൻ നിർമാതാവും മെന്ററുമായ വെട്രിമാരൻ ഈ ചിത്രത്തിലെ എന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു-ആൻഡ്രിയ കൂട്ടിച്ചേർത്തു. ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് 21ന് തിയറ്ററുകളിലെത്തും. വികർണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തില്‍ ഒരുങ്ങുന്ന സിനിമ പ്രസന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി.വി. പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഇതിനോടകം ഹിറ്റാണ്.

