കയ്റോ: ഹമാസ് ഭീകരർ നിശബ്ദമായി ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾക്കും സിഗരറ്റ് പോലുള്ള ഉത്പന്നങ്ങൾക്കും ഹമാസ് ചുങ്കം പിരിച്ചുതുടങ്ങിയെന്ന് പലസ്തീനികൾ പറഞ്ഞു.
സമാധാന പദ്ധതിയിൽ നിർദേശിക്കും പ്രകാരം ഹമാസ് ആയുധം താഴെവച്ച് അധികാര കൈമാറ്റത്തിനു തയാറാകുമോ എന്നതിൽ ഗാസ നിവാസികൾ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞമാസം പത്തിനു നിലവിൽ വന്ന വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ മേഖലകൾ ഹമാസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു.
ഗാസയിലെ ഇരുപതു ലക്ഷം വരുന്ന ജനങ്ങൾ ഹമാസ് നിയന്ത്രിത മേഖലയിലാണു പാർക്കുന്നത്. ഇസ്രയേലിനുവേണ്ടി പ്രവർത്തിച്ചു, മോഷണം നടത്തി തുടങ്ങിയ കാര്യങ്ങൾ ആരോപിച്ച് ഒട്ടേറെ പലസ്തീനികൾക്ക് ഹമാസ് പരസ്യവധശിക്ഷ നല്കിയിരുന്നു. ഗാസയിലേക്കു സഹായവസ്തുക്കളുമായി വരുന്ന ലോറികളെല്ലാം ഹമാസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, ഭക്ഷ്യവസ്തുക്കൾക്കു ചുങ്കം ഏർപ്പെടുത്തിയെന്ന ആരോപണം ഹമാസ് മീഡിയ ഓഫീസ് മേധാവി ഇസ്മയിൽ അൽ തവാബ്ത നിഷേധിച്ചു. ഗാസയിൽ അരാജകത്വം ഉണ്ടാകാതിരിക്കാനാണു ഹമാസ് ശ്രമിക്കുന്നതെന്ന് ഇയാൾ അവകാശപ്പെട്ടു. സമാധാന പദ്ധതിയിൽ നിർദേശിക്കുന്ന പ്രകാരം ഗാസ ഭരണത്തിനു രൂപവത്കൃതമാകുന്ന സമിതിക്ക് അധികാരം കൈമാറാൻ തയാറാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിപ്രകാരമാണ് ഗാസയിൽ വെടിനിർത്തലുണ്ടായത്. ഗാസയുടെ ഭാവിയിൽ ഹമാസിന് ഒരു റോളും ഉണ്ടാവില്ലെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസിന്റെ നിരായുധീകരണം, ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കൽ തുടങ്ങിയ കാര്യങ്ങളും സമാധാന പദ്ധതിയുടെ ഭാഗമാണ്. ട്രംപിന്റെ പദ്ധതി യുഎൻ രക്ഷാസമിതി അംഗീകരിച്ചാലുടൻ ഗാസയുടെ ഭരണത്തിനായി ഇടക്കാല സമിതി രൂപവത്കരിക്കുമെന്നാണ് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചത്.

