കൊച്ചി/ തിരുമാറാടി : അമ്മയുടെ കൂടെ കിടന്നതിന് 12കാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. വീട്ടുവഴക്കിനെത്തുടര്‍ന്ന് വീടുവിട്ട് ഇറങ്ങേണ്ടിവന്ന ആറാം ക്ലാസുകാരനും അമ്മയും രണ്ടുമാസം കഴിഞ്ഞത് റബര്‍ത്തോട്ടത്തിലെ വിറകുപുരയില്‍.
ശിശുദിനത്തില്‍ കേരളം കേട്ട ഞെട്ടിക്കുന്ന രണ്ടു വാര്‍ത്തകളാണിത്. ആദ്യത്തെ വാര്‍ത്തയില്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത് പെറ്റമ്മയാണെങ്കില്‍ രണ്ടാമത്തേതില്‍ സ്വന്തം പിതാവും അമ്മൂമ്മയുമാണ് പ്രതികള്‍.
എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ 38കാരിയായ അമ്മയെയും ആണ്‍സുഹൃത്ത് തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ഥി(25) നെയുമാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് രാത്രി 11 മുതല്‍ 13ന് പുലര്‍ച്ചെ 3.30 വരെയുള്ള സമയത്തായിരുന്നു സംഭവം.
അമ്മയ്ക്കൊപ്പം കുട്ടി കിടന്നതാണ് ആണ്‍സുഹൃത്തിന്റെ പ്രകോപനത്തിനു കാരണം. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് എട്ടാം ക്ലാസുകാരനായ മകനും ആണ്സുഹൃത്തിനുമൊപ്പം കലൂരിലെ ഫ്ലാറ്റിലാണു യുവതി കഴിയുന്നത്. കുട്ടി അമ്മയ്ക്കൊപ്പം കിടക്കുന്നതില്‍ പ്രകോപിതനായ സിദ്ധാർഥ് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും മർദിക്കുകയും ചെയ്തു. കുട്ടിയുടെ കൈ പിടിച്ച് തിരിച്ചു. ബാത്ത് റൂമിന്റെ ഡോറിൽ ഇടിപ്പിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ തലയ്ക്കു പരിക്കേറ്റു.
അടുത്ത മുറിയിലേക്കു പോയ കുട്ടിയെ വീണ്ടും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അമ്മ ഇതു തടഞ്ഞില്ലെന്ന് മാത്രമല്ല കുട്ടിയുടെ നെഞ്ചില്‍ നഖം കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കേസില്‍ അമ്മയാണ് ഒന്നാംപ്രതി, സിദ്ധാര്‍ഥ് രണ്ടാം പ്രതിയും. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രി അധികൃതരാണു വിവരം പോലീസിനെ അറിയിച്ചത്.
അമ്മയും മകനും റബര്‍ത്തോട്ടത്തിലെ വിറകുപുരയിൽ!
തിരുമാറാടിയില്‍ വീട്ടുവഴക്കിനെത്തുടര്‍ന്ന് വീടുവിട്ട് ഇറങ്ങേണ്ടി വന്ന ആറാം ക്ലാസുകാരനും അമ്മയും രണ്ടുമാസം കഴിഞ്ഞത് റബര്‍ത്തോട്ടത്തിലെ വിറകുപുരയിലാണ്. പോലീസിന്റെ നിര്‍ദേശപ്രകാരം വീട്ടുകാർ ഇന്നലെ വിറകുപുര പൊളിച്ചുനീക്കി.
സംശയത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടു മാസമായി വീടിനു സമീപത്തെ റബര്‍ത്തോട്ടത്തിലെ വിറകുപുരയിലാണ് അമ്മയും മകനും താമസിച്ചുവന്നിരുന്നത്.
കൂത്താട്ടുകുളം ടൗണിലെ വ്യാപാരസ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്ന അമ്മ വൈകുന്നേരം വരുന്നതും കാത്ത് ട്യൂഷന് ക്ലാസിലോ അയല്‍വീട്ടിലോ തുടരുന്ന മകനെയും കൂട്ടി കാടുകയറിയ വഴിയിലൂടെ വിറകുപുരയില്‍ എത്തുകയും കൈയില്‍ കരുതിയിരിക്കുന്ന ആഹാരം മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ കഴിക്കുകയും ചെയ്യുന്നതായിരുന്നു പതിവ്.
പകല്‍സമയത്ത് ഭക്ഷണം വാങ്ങി കഴിക്കുന്നതിന് കുട്ടിക്ക് അമ്മ പണം നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് കുട്ടി സ്ഥിരമായി ജ്യൂസ് വാങ്ങുകയും കുട്ടിയുടെ ബാഗില്‍ സ്ഥിരമായി ജ്യൂസ് കുപ്പി കാണുകയും ചെയ്തതോടെയാണ് അധ്യാപകരില്‍ സംശയമുണ്ടാകുകയത്.
തുടര്‍ന്ന് അധ്യാപകര്‍ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങള്‍ മനസിലാക്കി പോലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കിയതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഭര്‍ത്താവിന് യുവതിയിലുള്ള സംശയമാണ് കലഹത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇതില്‍ മൂത്ത മകന് വീട്ടില്‍ പിതാവിനോടൊപ്പമാണു താമസം. പിതാവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യഭാര്യ ബന്ധം വേര്‍പിരിഞ്ഞു പോയതാണ്. കൂത്താട്ടുകുളം പോലീസെത്തി അമ്മയെയും കുട്ടിയെയും തിരികെ വീട്ടിലാക്കി.
അമ്മയ്ക്കും കുട്ടിക്കും ആവശ്യമായ താമസസൗകര്യവും ഭക്ഷണവും നല്‍കണമെന്നും പോലീസ് വീട്ടുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. അനൂപ് ജേക്കബ് എംഎല്‍എ ഇന്നലെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ശിശുക്ഷേമ സമിതി അധികൃതര്‍ സ്കൂളിലെത്തി കുട്ടിയുടെ വിവരങ്ങള്‍ ശേഖരിച്ചു.

