കണ്ണൂർ: മൺമറഞ്ഞ നേതാക്കൾ സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് ചോദിച്ചേക്കാം, ദേശീയ നേതാക്കൾ പോലും വാർഡംഗമായി മത്സരിക്കുന്നവർക്കുവേണ്ടി പ്രസംഗിക്കാം… എഐ സാങ്കേതികത വന്നതിനുശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ പ്രചാരണം കൊഴുക്കുന്നത് എഐയിലൂടെയാണ്. എഐ ഉപയോഗിച്ച് നിർമിച്ച ഉള്ളടക്കങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രചാരണ താരമാകാൻ എഐ
നിർമിതബുദ്ധിയുടെ സഹായത്താൽ തയാറാക്കുന്ന വീഡിയോകളും ഓഡിയോ സന്ദേശങ്ങളുമായിരിക്കും ഇക്കുറി തെരഞ്ഞെടുപ്പിലെ താരപ്രചാരകർ. പ്രമുഖ വ്യക്തികളുടെ രൂപവും ശബ്ദവും കൃത്യമായി അനുകരിച്ച് (വോയ്സ് ആൻഡ് വീഡിയോ ക്ലോണിംഗ്) സ്ഥാനാർഥികൾക്കുവേണ്ടി സംസാരിക്കുന്ന “ഡീപ്ഫേക് ‘ വിഡിയോകളായിരിക്കും പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
ഇത് നിർമിക്കാൻ സാങ്കേതിക വിദഗ്ധരുടെയും എഡിറ്റർമാരുടെയും സഹായം ആവശ്യമില്ല. എഐ ടൂളുകൾ ഉപയോഗിച്ച് സ്ഥാനാർഥികളുടെ ഐടി സെല്ലുകൾക്കോ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്ക് എളുപ്പത്തിൽ ചെയ്യാനാകും. പ്രചാരണച്ചെലവും വരില്ല.
എഐ ഇമേജ് ജനറേറ്ററുകൾ ഉപയോഗിച്ച് സ്ഥാനാർഥികളുടെ ആകർഷകമായ പോസ്റ്ററുകൾ, സോഷ്യൽ മീഡിയ ഗ്രാഫിക്സുകൾ, സ്ഥാനാർഥിയുടെ ചിത്രങ്ങൾ എന്നിവ നിർമിക്കാം. വികസനസ്വപ്നങ്ങളും ആശയങ്ങളും ത്രിമാനമികവിൽ അവതരിപ്പിക്കാം.
ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയവ ഉപയോഗിച്ച് സ്ഥാനാർഥിയുടെ പാർട്ടിയുടെ ആശയങ്ങൾക്ക് അനുയോജ്യമായ പ്രചാരണ മുദ്രാവാക്യങ്ങൾ, പ്രസംഗങ്ങൾ മുതൽ പ്രാദേശിക ഈണങ്ങൾക്കനുസരിച്ചുള്ള പ്രചാരണ ഗാനങ്ങൾപോലും തയാറാക്കാൻ സാധിക്കും. വോട്ടർമാരുടെ മുൻഗണനകൾ എഐ ഉപയോഗിച്ച് വിശകലനം ചെയ്യാം. ഇത് സ്ഥാനാർഥികൾക്ക് വോട്ടർമാരിലേക്ക് കൂടുതൽ ഫലപ്രദമായി സന്ദേശങ്ങൾ എത്തിക്കാൻ സഹായിക്കും.
കൃത്രിമമായി സൃഷ്ടിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും കൈമാറുന്നതും വലിയ വെല്ലുവിളിയും ഭീഷണിയും സൃഷ്ടിച്ചേക്കാം. നിയമവിരുദ്ധമായതോ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനോ വഞ്ചിക്കാനോ സാധ്യതയുള്ള രീതിയിലോ ഏതെങ്കിലും വ്യക്തിയുടെ ഐഡന്റിറ്റി, രൂപം അല്ലെങ്കിൽ ശബ്ദം എന്നിവ സ്ഥാനാർഥിയുടെ സമ്മതമില്ലാതെ പ്രസിദീകരിക്കാനും കൈമാറാനും സാധിക്കും.
പ്രചാരണങ്ങൾക്കായി ഏതെങ്കിലും തരത്തിലുള്ള എഐ ചിത്രം, ശബ്ദം, അല്ലെങ്കിൽ വീഡിയോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ “എഐ-ജനറേറ്റഡ്’, “ഡിജിറ്റലി എൻഹാൻസ്ഡ്’ അല്ലെങ്കിൽ “സിന്തറ്റിക് ഉള്ളടക്കം’ എന്ന വ്യക്തമായ ലേബൽ നല്‍കണമെന്ന് പാർട്ടികള്‍ക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
- റെനീഷ് മാത്യു

