ഇരു കൈകളുമില്ലാതെ കാറോടിക്കുന്ന ജിലുമോൾ മേരിയറ്റ് തോമസ് 2023 ഡിസംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിൽനിന്ന് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയപ്പോൾ അത് ചരിത്രമായി. ഇത്തരത്തിൽ ലൈസൻസ് നേടുന്ന ആദ്യ ഏഷ്യക്കാരി.
ജനിച്ചത് കൈകളില്ലാതെ. കഠിനശ്രമത്താൽ കാലുകളെ ജിലുമോൾ കൈകളാക്കി മാറ്റി. ഡ്രൈവിംഗ് കാലുകൾകൊണ്ട്. കംപ്യൂട്ടർ കീബോർഡും മൗസും കാലുകൾകൊണ്ട് ചലിപ്പിച്ച് ഗ്രാഫിക് ഡിസൈനിംഗ് ഉൾപ്പെടെ ചെയ്യുന്നു. സ്മാർട്ട് ഫോണ് ഉപയോഗിക്കാനും കാലുകൾ തന്നെ ആശ്രയം.
നല്ലൊരു ചിത്രകാരിയും പ്രഭാഷകയും എഴുത്തുകാരിയുമായ ജിലുമോൾ ഇപ്പോൾ എറണാകുളത്ത് ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. ഇന്റർനാഷണൽ മൗത്ത് ആൻഡ് ഫുട്ട് പെയിന്റിംഗ് അസോസിയേഷനിൽ അംഗത്വമുള്ള ജിലു കേരളത്തിലും പുറത്തും ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് എൻ.വി. തോമസിന്റെയും അന്നക്കുട്ടിയുടെയും മകളാണ്. നാലര വയസുള്ളപ്പോൾ അമ്മ മരിച്ചു. അടുത്തയിടെ പിതാവും.
ചങ്ങനാശേരി ചെത്തിപ്പുഴയിൽ എസ്ഡി സിസ്റ്റേഴ്സിന്റെ മേഴ്സി ഹോമിലാണ് പഠിച്ചതും വളർന്നതും. മേഴ്സി ഹോമിലെ സിസ്റ്റർമാരുടെ സ്നേഹവും സമർപ്പണവുമാണ് ജിലുവിന്റെ ജീവിതം. ഒന്നാം ക്ലാസ് മുതൽ ബിരുദം വരെ അവിടെ താമസിച്ച് പഠിച്ചശേഷം ചങ്ങനാശേരി സെന്റ് ജോസഫ്സ് മീഡിയാ വില്ലേജിൽനിന്ന് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗിൽ ബിരുദമെടുത്തു. തുടർന്ന് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു.
മറ്റേതു ഡിസൈനർമാരെയും പോലെ മാഗസിനുകളും ബ്രോഷറുകളും മനോഹരമായി ജിലു രൂപകൽപന ചെയ്യുന്നു. വിദേശത്തുൾപ്പെടെ മോട്ടിവേഷൻ പ്രസംഗങ്ങൾക്കു ജിലുമോളെ വിളിക്കാറുണ്ട്. എല്ലാ വേദികളിലും സ്വന്തം ജീവിതമാണ് സന്ദേശം. ആ വാക്കുകൾ കേട്ട് ആത്മഹത്യയിൽനിന്ന് പിൻമാറിയവരുണ്ട്. പ്രചോദിതരായി ജീവിതവിജയം നേടിയവരുണ്ട്.
കാറോടിക്കണം എന്നതായിരുന്നു വലിയ സ്വപ്നം. 2018ൽ നിയമപോരാട്ടം ആരംഭിച്ചു. ആറ് വർഷത്തെ കഠിനശ്രമത്തിലൂടെയാണ് ഡ്രൈവിംഗ് കാൽവരുതിയിലാക്കിയത്. കാറിൽ രൂപമാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് അനുമതിയും ലഭിച്ചു.
പക്ഷേ, നിയമം വീണ്ടും വില്ലനായി. ഒടുവിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ ഇടപെട്ടാണ് സ്വപ്നം യാഥാർഥ്യമാക്കിയത്. കാറിൽ കാലുകൾ ഉപയോഗിച്ച് ഡ്രൈവ് ചെയ്യാൻ കഴിയുന്നവിധം വോയ്സ് കണ്ട്രോൾ സംവിധാനം ഉൾപ്പെടെ സജ്ജമാക്കി. ഇൻഡിക്കേറ്ററും വൈപ്പറും വാതിലുമൊക്കെ ശബ്ദത്തിലൂടെ നിയന്ത്രിക്കുന്ന സംവിധാനമാണ് കാറിലുള്ളത്.
ഫോണ്: 7736216498.

