കോട്ടയം: വരുംവരായ്ക നോക്കാതെ ഉത്തരവിട്ട തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) ബിഎല്‍ഒമാരെ കൊല്ലാക്കൊല ചെയ്യുന്ന പണിയായി. ഒരു വശത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതലയും ഓഫീസ് ജോലികളും. ഇതിനൊപ്പമാണ് ആയിരത്തിനു മുകളില്‍ വീടുകള്‍ കയറി ഫോം പൂരിപ്പിക്കലിന്റെ ചുമതല അടിച്ചേല്‍പ്പിക്കപ്പെട്ടത്. വോട്ടറെ നേരില്‍ കണ്ടെത്താൻ ഒരേ വീട്ടില്‍ നാലും അഞ്ചും തവണ കയറിയിറങ്ങണം. പല വീടുകളിലും വയോധികര്‍ തനിച്ചുതാമസിക്കുന്നു.
പഴയ വോട്ടര്‍പട്ടിക നോക്കി കോളങ്ങള്‍ പൂരിപ്പിക്കുക ഏറെ ക്ലേശകരമാണ്. എസ്ഐആര്‍ ജോലിക്ക് വീടുകളില്‍ എത്തുന്ന എന്യൂമറേറ്റര്മാര്ക്കു പല തിക്താനുഭവങ്ങളും നേരിടേണ്ടിവരുന്നു. വീട്ടുകാര്‍ വൈകി വരുന്ന വീടുകളില്‍ രാത്രി ഫോം പൂരിപ്പിക്കാന്‍ എന്യൂമറേറ്റര്‍മാര്‍ എത്തുന്നതിനോട് വീട്ടുകാര്‍ക്ക് താല്പര്യമില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ തുടരെ വീടുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം. എപ്പോള്‍ വേണമെങ്കിലും കനത്ത തുലാമഴ പ്രതീക്ഷിക്കാം.
2002ലെ വോട്ടര്‍പട്ടിക പ്രകാരമുള്ള ഫോമുകള്‍ തരം തിരിക്കല്‍, വീടുകളില്‍ നേരിട്ടു വിതരണം ചെയ്യല്‍, വോട്ടറെ നേരിട്ടു കണ്ട് പരിശോധിക്കല്‍, ഫോം തിരിച്ചു വാങ്ങല്‍, ഫോം വിതരണം ചെയ്തുവെന്നും തിരിച്ചുവാങ്ങിയെന്നുമുള്ള കണക്കുകള്‍ നല്കല്, വിവരങ്ങള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യല്‍ തുടങ്ങിയ ജോലികളെല്ലാം ബിഎല്‍ഒമാര്‍ നിര്‍വഹിക്കണം. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യങ്ങള്‍ കിട്ടാത്ത പ്രദേശങ്ങളുമുണ്ട്.
പലയിടങ്ങളിലും അടച്ചുപൂട്ടിയ വീടുകളും വോട്ടര്‍ നാട്ടിലില്ലാത്ത സാഹചര്യവുമാണ്. എന്യൂമറേറ്റര്‍മാര്‍ക്ക് വീടുകള്‍ വീതിച്ചു നല്‍കിയതിലും അശാസ്ത്രീയതയുണ്ട്. ചിലര്‍ക്ക് 500-600 വീടുകള്‍. മറ്റ് ചിലര്‍ക്ക് 1200-1500 വീടുകള്‍. പല വീടുകളിലും നായകളെ ഭയന്നാണു കയറിച്ചെല്ലേണ്ടത്. റോഡില്‍ തെരുവുനായകളും.
മലയോരമേഖലയില്‍ കുറുക്കന്, കുരങ്ങ് തുടങ്ങി വന്യമൃഗശല്യവുമുണ്ട്. പ്രശ്നം ഇത്രയേറെ ക്ലേശകരവും ജോലി ദുരിതപൂര്ണവുമായിട്ടും പട്ടിക പുതുക്കല്‍ കാലാവധി നീട്ടാനോ ജോലിഭാരം കുറയ്ക്കാനോ നടപടിയെടുക്കുന്നില്ല. വോട്ട് ഉറപ്പാക്കാന്‍ പല പാര്‍ട്ടികളും എന്യൂമറേറ്റര്‍മാരെ ഭീഷണിപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. പരമാവധി നാലു മണിക്കൂര്‍ മാത്രം പരിശീലനം നല്‍കിയശേഷമാണ് ഇവര്‍ ജോലിക്ക് നിയോഗിക്കപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ജോലി തീര്‍ക്കാന്‍വേണ്ടി ഉന്നതതലങ്ങളില്‍നിന്നു സമ്മര്‍ദമുണ്ട്.

