പയ്യന്നൂര്‍: ഒട്ടേറെ വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ് ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ. ജോലിയുടെ കാഠിന്യവും മറ്റു സമ്മര്‍ദങ്ങളുമാണ് മരണകാരണമെന്ന വാദമുയരുമ്പോള്‍ ഇത്തരത്തിലുള്ള സമ്മര്ദങ്ങളുണ്ടായിരുന്നില്ല എന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടാണ് പുതിയ ചര്‍ച്ചയ്ക്കു കളമൊരുക്കിയത്.
ആത്മഹത്യ ചെയ്ത ചീമേനി എറ്റുകുടുക്കയിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിനുമേല്‍ രാഷ്ട്രീയ സമ്മര്ദവുമുണ്ടായിരുന്നുവെന്നതിന്റെ തെളിവുമായി ബൂത്തുതല ഏജന്റ് ജില്ലാ കളക്ടര്‍ക്കു നല്കിയ പരാതി പുറത്തുവന്നതാണ് പുതിയ ചര്‍ച്ചകള്‍ക്കു കളമൊരുക്കിയത്. കോണ്‍ഗ്രസ് നിയോഗിച്ച ബിഎല്‍ഒ വൈശാഖ് ഏറ്റുകുടുക്ക ഈ മാസം എട്ടിന് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയിലാണ് അനീഷിനുണ്ടായിരുന്ന രാഷ്ട്രീയ സമ്മര്ദത്തെപ്പറ്റിയുള്ള സൂചനയുണ്ടായിരുന്നത്.
കോണ്‍ഗ്രസുകാരനായ തന്നെക്കൂട്ടി എസ്ഐആര്‍ ചെയ്താല്‍ സിപിഎമ്മുകാര്‍ തടയുമെന്ന് അനീഷ് ഭയപ്പെട്ടിരുന്നതായി പരാതിയിലുണ്ട്.
ഇതിനാലാണ് തന്നെ വിളിക്കാതിരുന്നതെന്ന് അനീഷ് പറഞ്ഞിരുന്നതായും എസ്ഐആര്‍ പ്രവൃത്തിയില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നും വൈശാഖ് കളക്ടര്‍ക്ക് നല്കിയ പരാതിയിലുണ്ടായിരുന്നു.
ജോലിയില്‍ അനീഷിന് വീഴ്ചയുണ്ടായിട്ടില്ലെന്നും പ്രത്യേകമായി സമ്മര്‍ദമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് കളക്ടര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍, രേഖാമൂലം പരാതി ലഭിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടും ഇതേക്കുറിച്ച് പരാമര്‍ശിക്കാതെയാണ് അനീഷ് ജോര്‍ജിനുമേല്‍ ജോലിസംബന്ധമായോ മറ്റോ സമ്മദര്മുണ്ടായില്ലെന്ന തരത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനു കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

