കണ്ണൂർ: ദേശീയപാത നിർമാണം നടക്കുന്ന ചാലയിൽ അപ്രോച്ച് റോഡിന്റെയും അടിപ്പാതയുടെയും ഇടയിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞു. അപ്രോച്ച് റോഡിന്റെയും അടിപ്പാതയുടെയും ഭിത്തികൾക്കിടയിൽ കാർ കുടുങ്ങി നിന്നതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരന്നു സംഭവം. ഗതാഗതത്തിന് തുറന്നു കൊടുക്കാത്ത റോഡിലൂടെ തലശേരി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപെട്ടത്.
മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമായിരുന്നു കാർ ഓടിച്ചിരുന്നത്. അപ്രോച്ച് റോഡും അടിപ്പാതയും ചേരുന്നിടത്ത് കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചിട്ടില്ല. അപ്രോച്ച് റോഡിലൂടെ വന്ന കാർ ഈ വിടവിലൂടെ താഴേക്ക് വീണെങ്കിലും അടിപ്പാതയുടെയും അപ്രോച്ച് റോഡിന്റെയും ഭിത്തികൾക്കിടയിൽ കുടുങ്ങി നിന്നതിനാലാണ് ദുരന്തം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാർ മുകളിൽനിന്ന് കയർ ഇട്ടുകൊടുത്ത് ലാസിമിനെ വലിച്ചു കയറ്റുകയായിരുന്നു.

