പരവൂർ: വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ സർവീസ് ജനുവരിയിൽ ആരംഭിച്ചേക്കും. ഇതിനുള്ള തയാറെടുപ്പുകൾ റെയിൽവേ മന്ത്രാലയം ആരംഭിച്ചു.16 കോച്ചുകൾ വീതമുള്ള 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാൻ ചെന്നൈയിലെ ഐസിഎഫ് അധികൃതർ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് നൽകിയിരുന്നു. ഇതിൽ രണ്ട് ട്രെയിനുകളുടെ നിർമാണം പൂർത്തികരിച്ച് ഐസിഎഫിനു കൈമാറുകയും ചെയ്തു.
രണ്ട് ട്രെയിനുകളുടെയും പരീക്ഷണഓട്ടവും നടത്തി. ഇതിൽ ഒന്നിന്റെ വേഗ പരീക്ഷണവും കഴിഞ്ഞ ആഴ്ച വിജയകരമായി പൂർത്തീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ സർവീസ് 2026 ജനുവരിയിൽ സർവീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നത്.
ബാക്കിയുള്ള എട്ട് ട്രെയിനുകളുടെ നിർമാണം മാർച്ചിനകം പൂർത്തിയാക്കി ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ നിന്ന് ചെന്നൈ ഐസിഎഫിന് കൈമാറുമെന്നാണ് പ്രതീക്ഷ.
ഇതു കൂടാതെ ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 50 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. ഇവയിൽ എല്ലാത്തിലും 24 കോച്ചുകൾ വീതം ഉണ്ടാകുമെന്ന് ഐസിഎഫ് അധികൃതർ പറഞ്ഞു.
മാത്രമല്ല ആദ്യ പതിപ്പിൽ നിന്ന് വ്യത്യസ്ഥമായി പാൻട്രി കാറും മറ്റ് ആധുനിക സൗകര്യങ്ങളും ഈ ട്രെയിനുകളിൽ ഉൾപ്പെടുത്തും.വന്ദേ സ്ലീപ്പർ ട്രെയിന്റെ ആദ്യ സർവീസുകൾ ഏത് റൂട്ടുകളിലായിരിക്കും എന്നതു സംബന്ധിച്ച് റെയിൽവേ മന്ത്രാലയം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
- എസ്.ആർ. സുധീർ കുമാർ

