കിണറ്റില്‍ കിടന്ന് കുടുംബത്തിന്റെ ‘വെള്ളംകുടി മുട്ടിച്ചത്’ മൂന്ന് ദിവസം; വാവ സുരേഷ് എത്തി, ‘സിമ്പിളായി’ അണലിയെ പുറത്തെടുത്തു

VAVA1

ഗുരുവായൂര്‍: മൂന്നുദിവസം വീട്ടുമുറ്റത്തെ കിണറ്റില്‍ കിടന്ന് ഒരു കുടുംബത്തിന്റെ സമാധാനം കെടുത്തിയ അണലിയെ പിടിക്കാന്‍ ഒടുവില്‍ തിരുവനന്തപുരത്തുനിന്ന് വാവ സുരേഷ് എത്തി. പടിഞ്ഞാറെ നട കരുമത്തില്‍ വീട്ടില്‍ വി. മുരളീധരന്റെ വീട്ടുകിണറ്റില്‍ ഞായറാഴ്ച രാവിലെയാണ് അണലി വീണത്. വീട്ടുപരിസരത്ത് അണലിയെ കണ്ടപ്പോള്‍ നായ കുരച്ചുബഹളമുണ്ടാക്കി. നായയുടെ കുരയും ആളനക്കവുമായതോടെ അണലി മോട്ടോര്‍ പൈപ്പിന്റെ വിടവിലൂടെ കിണറ്റിലേക്ക് ഇഴഞ്ഞിറങ്ങുകയായിരുന്നു. നാട്ടുകാര്‍ ശ്രമങ്ങള്‍ പലതും നടത്തിയെങ്കിലും അണലിയെ പുറത്തെടുക്കാനായില്ല. അണലി ഉഗ്രവിഷമുള്ള പാമ്പായതിനാല്‍ വീട്ടുകാരും ഭീതിയിലായി. പിന്നീട് പാമ്പു പിടിത്ത വിദഗ്ധനായ വാവ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെയാണ് വാവ സുരേഷ് എത്തി പാമ്പിനെ കരയ്ക്കു കയറ്റിയത്. അഞ്ചടി നീളവും 13 വയസുമുള്ള അണലിയാണെന്നു സുരേഷ് പറഞ്ഞു. വാവ സുരേഷെത്തി കിണറ്റില്‍നിന്ന് പാമ്പിനെ പിടികൂടുന്ന വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ക്കുമുമ്പില്‍ അണലിയുടെ പ്രത്യേകതകള്‍ വാവ സുരേഷ് വിവരിച്ചു.

Related posts