ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ നാടാകെ പോസ്റ്ററുകളുടെയും ഫ്ലെക്സ് ബോർഡുകളുടെയും പ്രളയത്തിൽ മുങ്ങേണ്ടതാണ്. സ്ഥാനാർഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും നിറച്ച ചുവരുകളും മതിലുകളും കാണുന്നു പതിവു കാഴ്ച ഈ തെരഞ്ഞെടുപ്പുകാലത്ത് കാണാനില്ല. പാർട്ടികളെയും സ്ഥാനാർഥികളെയും അലട്ടുന്ന പ്രധാന പ്രശ്നം പ്രചാരണ പ്രവർത്തനങ്ങൾക്ക് ആളില്ല എന്നതാണ്. പഴയതുപോലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് പത്രിക പിൻവലിച്ച ശേഷം രണ്ടാഴ്ച പോലും തികച്ചുകിട്ടാനില്ല.
ചുരുങ്ങിയ സമയപരിധിക്കുള്ളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിക്കുന്നതിനും പോസ്റ്ററുകളും ഭിത്തിയെഴുത്തുകളും പൂർത്തിയാക്കുന്നതിന് പ്രവർത്തകരെ കിട്ടാനില്ലാത്ത ക്ഷാമകാലമാണിത്. മറ്റു ജോലികൾക്കു സമയം കണ്ടെത്തേണ്ടതിനാൽ രാത്രിയിലും പകലും ചുറ്റിക്കറങ്ങി നടന്ന് കൈയിൽ പശയും പിടിച്ച് പോസ്റ്റർ ഒട്ടിക്കാനൊന്നും ആർക്കും കഴിയാത്ത അവസ്ഥയാണ് .
ഓരോ തദ്ദേശ സ്വയംഭരണ വാർഡുകളിലും കുറഞ്ഞത് മൂന്നു സ്ഥാനാർഥികളെങ്കിലും അവസാന ഘട്ടത്തിൽ മത്സരരംഗത്തുണ്ടാകും. 2020നെ അപേക്ഷിച്ച് ഇത്തവണ പ്രവർത്തകരുടെ ക്ഷാമം രൂക്ഷമാണ്. യുവതലമുറയ്ക്കു നിലവിലുള്ള രാഷ്ട്രീയത്തോട് ഒരു താത്പര്യവും ഇല്ല.ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി പാർട്ടികളും സ്ഥാനാർഥികളും ഇതരസംസ്ഥാന ത്തൊഴിലാളികളെയും പാർട്ട് ടൈം ജോലി തേടുന്നവരെയും അന്വേഷിച്ചുതുടങ്ങിയിരിക്കുന്നത്.
ഈ അവസരം മുതലെടുത്ത് പ്രിന്റിംഗ് പ്രസുകാർ പുതിയൊരു ബിസിനസ് തന്ത്രം ആവിഷ്കരിച്ചിരിക്കുകയാണ്. പോസ്റ്ററുകൾ അച്ചടിച്ച ശേഷം അവ ഒട്ടിക്കാനുള്ള ജോലിയും ഏറ്റെടുക്കാൻ അവർ തയാറായി മുന്നോട്ടു വന്നിരിക്കുന്നു. ഇതു പ്രസുകാർക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കുമെന്നതിനാൽ, അവർതന്നെ നേരിട്ട് പോസ്റ്റർ ഒട്ടിക്കാൻ ആളെ ആവശ്യമുണ്ട് എന്ന പരസ്യം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും പ്രധാന ജംഗ്ഷനുകളിലും പതിപ്പിച്ചു തുടങ്ങി.
ജോലിയെടുക്കാം, 15,000 രൂപ വരെ നേടാം – ഈ തെരഞ്ഞെടുപ്പ് സ്പെഷൽ ജോലിക്കായി ഫുൾ ടൈമായും പാർട്ട് ടൈമായും ജോലി ചെയ്യാൻ അവസരമുണ്ട്.10,000 രൂപ മുതൽ 15,000 രൂപ വരെയാണ് ഈ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് സമ്പാദിക്കാൻ കഴിയുമെന്നാണ് ഓഫർ. ചില പ്രസുകാർ ദിവസം 1300 രൂപയാണ് സ്പെഷൽ ഓഫർ നല്കിയിരിക്കുന്നത്. ഫുൾ ടൈം ജോലിക്കാർക്ക് ഭക്ഷണവും താമസ സൗകര്യവും ഉണ്ടാകും. ഈ ജോലികൾക്ക് പ്രധാന നിബന്ധന ടൂ-വീലർ വേണമെന്നുള്ളതാണ്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രത്തിന്റെ ഒരു പുതിയ മുഖമാണ് ഈ കാഴ്ചകൾ നൽകുന്നത്. പോസ്റ്റർ ഒട്ടിക്കുന്നതുപോലും കൂലിക്കാരെ ഏൽപ്പിക്കേണ്ടിവരുന്ന ഒരു കാലത്തിലേക്കു കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.
പ്രവർത്തകരില്ലാത്ത നേതാക്കന്മാർ മാത്രമുള്ള രാഷ്ട്രിയ പാർട്ടികളാണ് ഇന്നു കേരളത്തിലുള്ളത് ഭാവിയിൽ നിർമാണമേഖല ഇതരസംസ്ഥാന തൊഴിലാളികൾ കൈയടക്കിയതുപോലെ ഇവിടുത്തെ ഭരണവും അവർ കൈയടക്കുമോയെന്നു കാത്തിരുന്നു കാണാം.

