അബൂജ: നൈജീരിയയിൽ തോക്കുധാരികൾ കത്തോലിക്കാ സ്കൂൾ ആക്രമിച്ച് ഒട്ടനവധി വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്ത് പാപിരി എന്ന സ്ഥലത്തെ സെന്റ് മേരീസ് ബോർഡിംഗ് സ്കൂളിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
തോക്കുധാരികൾ സ്കൂളിൽ അതിക്രമിച്ചു കടന്ന് വിദ്യാർഥികളെയും അധ്യാപകരെയും കടത്തിക്കൊണ്ടുപോയെന്നാണു റിപ്പോർട്ട്.
നൈജീരിയൻ അധികൃതർ അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എണ്ണത്തിൽ വ്യക്തതയില്ല.
അധ്യാപകരും വിദ്യാർഥികളുമടക്കം നൂറോളം പേരെയെങ്കിലും തട്ടിക്കൊണ്ടുപോയതായി അനുമാനിക്കുന്നു. 52 വിദ്യാർഥികളെയാണു തട്ടിക്കൊണ്ടുപോയതെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നൈജീരിയയിൽ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. തിങ്കളാഴ്ച കെബ്ബി സംസ്ഥാനത്ത് തോക്കുധാരികൾ ബോർഡിംഗ് സ്കൂൾ ആക്രമിച്ച് 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.
ചൊവ്വാഴ്ച സെൻട്രൽ നൈജീരിയയിലെ ഇറുകു പട്ടണത്തിൽ അക്രമികൾ പള്ളി ആക്രമിച്ച് രണ്ടു വിശ്വാസികളെ വധിക്കുകയും പാസ്റ്റർ അടക്കം ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.
നൈജീരിയയിലെ ക്രൈസ്തവപീഡനം അവസാനിപ്പിച്ചില്ലെങ്കിൽ സൈനികനടപടി വേണ്ടിവരുമെന്നു യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്കിയ ശേഷമാണ് ഈ സംഭവങ്ങൾ ഉണ്ടായത്.

