ചേര്‍ത്തല: കേരളത്തെ സര്‍വനാശത്തിലേക്കു നയിച്ചതിനൊപ്പം അയ്യപ്പന്റെ സ്വര്‍ണവും കൊള്ളയടിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അവര്‍ക്കുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ചേര്‍ത്തല എന്‍എസ്എസ് യൂണിയന് ഹാളില്‍ നടന്ന യുഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനും സ്ഥാനാര്‍ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2026ല്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അതിനു മുന്നോടിയായി ചേര്‍ത്തല നഗരസഭയിലടക്കം മാറ്റങ്ങള്‍ തെളിയണം.
നഗരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണപരാജയമായിരുന്നെന്നും കൃത്യമായ പദ്ധതികളോടെ നഗരത്തെ വികസനത്തിലേക്കു നയിക്കുന്ന പദ്ധതികളാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ദേശീയപാത വികസനത്തില്‍ റെയില്‍വേ സ്റ്റേഷനുമുന്നിലടക്കം ചേര്‍ത്തലയോട് കുറ്റകരമായ അനാസ്ഥായാണു കാട്ടിയിരിക്കുന്നത്.
യുഡിഎഫിന് അനുകൂല തരംഗമാണെല്ലായിടത്തുമെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഓരോ പ്രവര്‍ത്തകനും യുഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍ അധ്യക്ഷനായി. കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍, നേതാക്കളായ എസ്. ശരത്, കെ.ആര്. രാജേന്ദ്രപ്രസാദ്, കെ.സി. ആന്റണി, ജയലക്ഷ്മി അനില്‍കുമാര്‍, സി.ഡി. ശങ്കര്‍, സജി കുര്യാക്കോസ്, സി.വി. തോമസ്, ബിജുകോയിക്കര, ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

