കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ പോലീസുകാർക്ക് എതിരേ നടപടി വന്നേക്കും.
തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് വാസുവിനെ കൈവിലങ്ങ് അണിയിച്ചാണ് കൊല്ലം അഞ്ചാലുംമൂട്ടിലെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.തിരുവനന്തപുരം എആർ ക്യാമ്പിലെ പോലീസുകാരാണ് വാസുവിനെ കൊല്ലത്ത് കൊണ്ടുവന്നത്.
ഏതൊക്കെ കേസുകളിലെ പ്രതികളെയാണ് കൈവിലങ്ങ് അണിയിച്ച് ഹാജരാക്കേണ്ടതെന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് പോലീസുകാർ പ്രവർത്തിച്ചു എന്നാണ് വിലയിരുത്തൽ.
ഭാരതീയ ന്യായ സംഹിതയിലെ നിയമത്തിന്റെ ലംഘനമാണ് ഇതെന്നു ചൂണ്ടിക്കാട്ടി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പോലീസുകാരുടെ നടപടിയിൽ ഡിജിപിക്കും അതൃപ്തി ഉണ്ടെന്നാണു വിവരം.പ്രതിയുടെ പ്രായം പോലും പോലീസുകാർ പരിഗണിച്ചില്ല എന്നതിൽ സർക്കാരിനും വിയോജിപ്പ് ഉണ്ടെന്നാണു സൂചന.
എസ്എടിയിലെ ഉദ്യോഗസ്ഥർ പോലും അറിയാതെയാണ് ഇതു നടന്നിട്ടുള്ളത്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസുകാർക്ക് എതിരേ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ.

