പരവൂർ: അമൃത് ഭാരത് സീരീസിൽ എസി ട്രെയിനുകൾ കൂടി പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. അമൃത് ഭാരത് എക്സ്പ്രസ് 3.0 എന്ന പരമ്പരയിലായിരിക്കും ഈ ട്രെയിനുകൾ അവതരിപ്പിക്കുക. ഈ സീരിസിലെ അഞ്ച് ട്രെയിനുകൾ നിർമിക്കാൻ റെയിൽവേ മന്ത്രാലയം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി അധികൃതരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ എസി കോച്ചുകളുടെ രൂപകൽപ്പന ഐസിഎഫിൽ നടന്നു വരികയാണ്.
ഈ സാമ്പത്തിക വർഷം തന്നെ (2026 മാർച്ചോടെ) ആദ്യത്തെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. രാജധാനി എക്സ്പ്രസുകൾക്ക് സമാനമായിരിക്കും ഈ കോച്ചുകളെങ്കിലും അവയേക്കാൾ മികച്ച സൗകര്യങ്ങൾ ഇതിൽ ഉണ്ടാകുമെന്ന് ഐസിഎഫ് അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്നത് നോൺ എസി അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ്. ഇവ 2.0 സീരിസ് ട്രെയിനുകളായാണ് അറിയപ്പെടുന്നത്.നിരക്ക് കുറഞ്ഞതും സ്ലീപ്പർ, അൺ റിസർവ്ഡ് എന്നീ കോച്ചുകളും ഉൾപ്പെടുന്ന ദീർഘ ദൂര ട്രെയിനുകളാണ് ഇവ. ഈ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാനും റെയിൽ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി 100 അമൃത് ഭാരത് ട്രെയിനുകൾ നിർമിക്കാനുള്ള ഓർഡറും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് ലഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഇവയിൽ 50 എണ്ണം നിർമിക്കും.രണ്ടാം ഘട്ടത്തിൽ ബാക്കി 50 എണ്ണത്തിന്റെ നിർമാണം പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യം.
ആദ്യഘട്ട ലക്ഷ്യത്തിലുള്ള 50 ട്രെയിനുകളിൽ 12 എണ്ണത്തിന്റെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞതായി പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ യു. സുബ്ബറാവു പറഞ്ഞു. പ്രതിമാസം രണ്ട് റേക്കുകൾ വീതമാണ് ഇപ്പോൾ പുറത്തിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- എസ്.ആർ. സുധീർ കുമാർ

