ലണ്ടന്‍: അടുത്ത മെസി എന്ന വിശേഷണം ഒരൊറ്റ ഗോളില്‍ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ബ്രസീലിയന്‍ കൗമാരക്കാരന് എസ്റ്റെവോ വില്യന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണ് അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കെതിരേയായിരുന്നു എസ്റ്റെവോയുടെ വണ്ടര്‍ ഗോള്‍.
18കാരന്മാരായ എസ്റ്റെവോയും സ്പാനിഷുകാരന് ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങിയ പോരാട്ടത്തില്‍ വിജയം ബ്രസീല്‍ താരത്തിനു സ്വന്തം. 55-ാം മിനിറ്റില്‍ ബോക്സിനു പുറത്തുനിന്നു ലഭിച്ച പന്ത്, സോളോ റണ്ണിലൂടെ മൂന്ന് ബാഴ്സലോണ പ്രതിരോധക്കാരെ വെട്ടിച്ച് പോസ്റ്റിന്റെ മേല്‍ത്തട്ടിലേക്ക് തൊടുത്തായിരുന്നു എസ്റ്റെവോയുടെ വണ്ടര്‍ ഗോള്‍. മത്സരത്തില്‍ ചെല്‍സി 3-0ന്റെ ആധികാരിക ജയം സ്വന്തമാക്കി.
27-ാം മിനിറ്റില്‍ കൗണ്ടെയുടെ സെല്‍ഫ് ഗോളിലൂടെയായിരുന്നു ചെല്‍സി ലീഡ് നേടിയത്. 44-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ റൊണാള്‍ഡ് അരൗജു പുറത്തേക്ക് നടന്നതോടെ ബാഴ്സലോണയുടെ അംഗബലം 10ലേക്കു ചുരുങ്ങി. 73-ാം മിനിറ്റില്‍ ലിയാം ഡെലാപ്പും ചെല്‍സിക്കായി ഗോള്‍ സ്വന്തമാക്കിയതോടെ സ്റ്റാംഫോഡ് ബ്രിഡ്ജിലെ സന്ദര്‍ശകരായ ബാഴ്സയുടെ കഥകഴിഞ്ഞു.
സിറ്റി പരീക്ഷിച്ച് തോറ്റു
ഹോം മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മനിയില്‍നിന്നുള്ള ബയേര്‍ ലെവര്കൂസെനോട് 2-0ന്റെ തോല്‍വി വഴങ്ങി. ടീമിനെ മൊത്തമായി അഴിച്ചുപണിത് ഇറക്കിയ പെപ് ഗ്വാര്‍ഡിയോള അപ്രതീക്ഷിത തോല്‍വി നേരിട്ടു. എര്‍ലിംഗ് ഹാലണ്ട്, ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമ തുടങ്ങിയവരെ സൈഡ് ബെഞ്ചില്‍ ഇരുത്തിയായിരുന്നു സിറ്റിയെ ഗ്വാര്‍ഡിയോള ഇറക്കിയത്.
അലജാന്‍ഡ്രോ ഗ്രിമാല്‍ഡോ (23), പാട്രിക് ഷിക്ക് (54) എന്നിവരായിരുന്നു ലെവര്കൂസെന്റെ ഗോള്‍ സ്കോറര്‍മാര്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ്, ലീഗ് റൗണ്ടുകളിലായുള്ള സിറ്റിയുടെ ഹോംഗ്രൗണ്ടിലെ അപരാജിത കുതിപ്പിനും വിരാമമായി. 23 മത്സരങ്ങള്‍ക്കുശേഷമാണ് സിറ്റി സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ലീഗ് തോല്‍വി വഴങ്ങുന്നത്. മറ്റു മത്സരങ്ങളില്‍ യുവന്റസ് 3-2ന് ഗ്ലിംറ്റിനെയും ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 4-0ന് വിയ്യാറയലിനെയും മാഴ്സെ 2-1ന് ന്യൂകാസില്‍ യുണൈറ്റഡിനെയും തോല്‍പ്പിച്ചു.
മാറഡോണയ്ക്ക് ആദരം
നേപ്പിള്‍സ്: ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളി അര്‍ജന്റൈന്‍ ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് അദ്ദേഹത്തിന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നാപ്പോളിയും അസര്ബൈജാന് ക്ലബ്ബായ ഖരാബാഗും തമ്മിലുള്ള മത്സരത്തിലായിരുന്നു നാപ്പോളി ആരാധകര്‍ ആദരമര്‍പ്പിച്ചത്. മത്സരത്തില്‍ നാപ്പോളി 2-0ന്റെ ജയം നേടി. 2020 നവംബര്‍ 25നായിരുന്നു മാറഡോണയുടെ അന്ത്യം.

