കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്കി സര്‍ക്കാര്‍. വ്യവസായ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് മറുപടി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ആര്. ചന്ദ്രശേഖരനെയും എംഡിയായിരുന്ന കെ.എ. രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ യുക്തി സഹമായി നടപ്പാക്കുക മാത്രമാണ് ഇരുവരും ചെയ്തത്.
അതിനാലാണ് സിബിഐ ആവശ്യപ്പെട്ട പ്രോസിക്യുഷന് അനുമതി നല്‍കാത്തതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. 2006 മുതല്‍ 2015 കാലഘട്ടത്തില്‍ കശുവണ്ടി വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ല.
തോട്ടണ്ടി ഒരു സീസണല്‍ വിളയായതിനാല്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാന്‍ സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയത്. സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനുളള അവകാശം ഡയറക്ടര്‍ ബോര്‍ഡിന് സര്‍ക്കാര്‍ 1996 ല്‍ തന്നെ നല്‍കിയിട്ടുണ്ട്. അതിനാല്‍ പ്രതികള്‍ ആവശ്യപ്പെട്ടിട്ടാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന വാദം നിലനില്‍ക്കില്ല. 1996ലെ ഉത്തരവ് 2005ല്‍ നടപ്പാക്കുക മാത്രമാണ് ചെയ്തത്. സര്‍ക്കാര്‍ ലാഭത്തേക്കാള്‍ ഉപരി പരമ്പരാഗത കശുവണ്ടിതൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം.
ഇറക്കുമതി വഴി തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്. 2005 മുതല്‍ 2015 വരെ 222 മുതല്‍ 288 വരെ പ്രതിവര്‍ഷം തൊഴില്‍ ദിനങ്ങള്‍ നല്കാന് കഴിഞ്ഞു. ഇതിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു. ഇത് കൃത്യ വിലോപമോ വഞ്ചനയോ അല്ല. തോട്ടണ്ടി ഇറക്കുമതി ചെയ്യാനുളള തീരുമാനം വ്യവസായ ധനകാര്യ വകുപ്പുകളും ട്രേഡ് യൂണിയുകളും ഐകകണ്ഠ്യേന എടുത്തതാണ്.
ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ബോര്‍ഡ് എടുത്ത തീരുമാനങ്ങളില്‍ അഴിമതി കണ്ടെത്താനാകില്ല. സര്‍ക്കാര്‍ നയം നടപ്പാക്കുക മാത്രമാണ് പ്രതികളായ ആര്. ചന്ദ്രശേഖരനും പി.എ. രതീഷും ചെയ്തത്. അതിനാല്‍ ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ സിബിഐയുടെ പക്കലില്ല. ഔദ്യോഗിക പവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവില്ല.ഫണ്ട് വകമാറ്റിയതിനോ സാന്പിള്‍ നടപടി ക്രമങ്ങളിലോ ക്രമക്കേട് നടന്നതായി തെളിവില്ല. മതിയായ തെളിവുകളില്ലാതെ ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചിട്ടില്ലെന്നും കോടതിലക്ഷ്യമില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

