കാൺപുർ: വീട്ടിൽനിന്നിറങ്ങിപ്പോയ ഭർത്താവിനെ വീഡിയോ കോൾ ചെയ്ത് ജീവനൊടുക്കി യുവതി. യുപിയിലെ കാൺപുരിൽ മോന എന്ന യുവതിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഭർത്താവ് ശുഭം ദിവാകർ ഭാര്യയോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാതായതോടെ ഇയാൾ മോനയെ ക്രൂരമായി മർദിക്കുകയും പിന്നാലെ മോനയുടെ പണം കൈക്കലാക്കി വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
തുടർന്ന് 15 മിനിറ്റിനു ശേഷം മോന ഇയാളെ വാട്സാപിൽ വീഡിയോ കോൾ ചെയ്തു. വീഡിയോ കോളിൽ ഭർത്താവ് കണ്ടുകൊണ്ടിരിക്കെ മോന വീട്ടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. ദിവാകർ ഉടൻ ഓടി വീട്ടിലെത്തിയെങ്കിലും വാതിലുകളെല്ലാം അടച്ച നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തു കയറിയപ്പോഴേക്കും മോന മരിച്ചിരുന്നു. മോനയും ഭർത്താവ് ശുഭം ദിവാകറും പ്രണയവിവാഹിതരാണ്. റാവത്പുരിലെ രാംലാല മൊഹല്ല മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടു കുട്ടികളുമുണ്ട്.

