കോട്ടയം: ക്രിസ്മസ് കേക്ക് വിപണി മുന്നില്‍ക്കണ്ട് തമിഴ്നാട്ടിലെ കോഴിഫാമുകള്‍ മുട്ട വില കുത്തനെ ഉയര്‍ത്തി. ഇതോടെ കേരളത്തില്‍ മുട്ടവില റിക്കാര്‍ഡിലേക്ക് കുതിച്ചു.വെള്ള കോഴിമുട്ട മൊത്തവില തമിഴ്നാട്ടില്‍ ആറുരൂപ കടന്നതോടെ ഇവിടെ ചില്ലറ വില ഏഴര രൂപയായി. നാടന്‍ കോഴിമുട്ട ചില്ലറ വില 8.50 രൂപ വരെയെത്തി. താറാവു മുട്ട വിലയില്‍ വലിയ കയറ്റമില്ല.
ചില്ലറവില മാസങ്ങളായി 10-11 നിരക്കിലാണ്. ഗള്‍ഫിലേക്കും വടക്കേ ഇന്ത്യയിലേക്കും തമിഴ്നാട്ടിലും കര്‍ണാടകത്തിലും നിന്ന് മുട്ട കയറ്റുമതി വര്‍ധിച്ചതും വിലകൂടാന്‍ കാരണമായി.
നിലവിലെ വര്‍ധന തുടര്‍ന്നാല്‍ കോഴിമുട്ട വില ക്രിസ്മസിന് ഒന്‍പതു രൂപയിലെത്താമെന്നു വ്യാപാരികള്‍ പറയുന്നു. സ്കൂളുകളിലും അങ്കണവാടികളിലും മുട്ട പതിവായതും വില വര്‍ധനയ്ക്കു മറ്റൊരു കാരണമായി. മുട്ട വില കൂടിയതോടെ മുട്ടക്കറിക്കും ഓംലെറ്റിനും ബുള്‍സ് ഐയ്ക്കും രണ്ടു രൂപവരെ ഭക്ഷണക്കടകളില്‍ നിരക്കു വര്‍ധിച്ചു.
നാടന്‍മുട്ടയ്ക്കു വിപണിയില്ല
കോട്ടയം: കോഴിമുട്ട വില വലിയതോതില്‍ വര്‍ധിച്ചിട്ടും നാട്ടിന്‍പുറങ്ങളിലെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. വിലവര്‍ധനയ്ക്കു മുന്‍പ് കര്‍ഷകര്‍ക്കു ലഭിച്ചിരുന്ന ഒരു മുട്ടയ്ക്ക് എട്ടു രൂപ മാത്രമാണ് ഇപ്പോഴും ലഭിക്കുന്നത്.
വിപണിയില്‍ നാടന്മുട്ടയ്ക്ക് ആവശ്യക്കാരേറെയുണ്ട്. ഇതുമുതലെടുത്ത് നാടന്മുട്ടയോടു സാമ്യമുള്ള വരവുമുട്ടയാണു വിപണിയില്‍ വിറ്റഴിയുന്നത്.കുറുനരികളുടെയും കീരിയുടെയും തെരുവുനായ്ക്കളുടെയും ശല്യം കോഴി വളര്‍ത്തലിനു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
മുട്ടക്കോഴി വളര്‍ത്തല്‍ മേഖലയില്‍ വിലവര്‍ധനയ്ക്കുള്ള സാഹചര്യം കച്ചവടക്കാര്‍ മനഃപൂര്‍വം ഇല്ലാതാക്കുകയാണ്. ഈ സാഹചര്യത്തില്‍ മുട്ടക്കോഴി കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ചു 10 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കുന്ന തരത്തില്‍ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.

