ചേർത്തല: തണ്ണീർമുക്കം വാരനാട് സ്വദേശിയായ പത്തു വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം.
29നാണ് രോഗം സ്ഥിരീകരിച്ചത്. മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനുശേഷം പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാട്ടുള്ള വീട്ടിലുമായി മാറിമാറിയാണ് താമസിച്ചിരുന്നത്.
ഈ സാഹചര്യത്തിലാണ് ഉറവിടം വ്യക്തമാകാത്തത്. രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്തതിനാൽ തണ്ണീർമുക്കത്തും പള്ളിപ്പുറത്തും ജാഗ്രതാ നിർദ്ദേശം നൽകി. റിസോർട്ടിലെ നീന്തൽ കുളത്തിൽ നിന്നാണോയെന്നും പരിശോധിക്കുന്നുണ്ട്.
ഇതിനായി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.അവശതയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോള്‍ രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

