കോട്ടയം: ക്രിസ്മസ് വരവറിയിച്ച് നക്ഷത്ര വിപണി തുറന്നു. എല്‍ഇഡി നക്ഷത്രങ്ങളാണ് ഇക്കൊല്ലവും വില്പനയില് മുന്പില്. 100 രൂപ മുതല്‍ 2000 രൂപ വരെയുള്ള എല്‍ഇഡി നക്ഷത്രങ്ങള്‍ ലഭ്യമാണ്. 400 രൂപ മുതലുള്ള നിയോണ്‍ നക്ഷത്രങ്ങളുമുണ്ട്.
ഇന്നുമുതല്‍ നക്ഷത്രം തെളിക്കുന്ന ഏറെപ്പേരെ ഉദ്ദേശിച്ചാണ് മുന്നേ നക്ഷത്രക്കടകള് മിഴി തുറന്നത്. കടലാസ് നക്ഷത്രങ്ങളുടെ പുതിയ സ്റ്റോക്കും എത്തിത്തുടങ്ങി.
കൊല്ലത്തുള്ള ചെറുകിട സംരംഭകരാണ് കടലാസ് നക്ഷത്രങ്ങളുടെ പ്രധാന നിര്‍മാതാക്കള്‍. യന്ത്ര നിര്‍മിത പേപ്പര്‍ നക്ഷത്രങ്ങളാണ് കൊല്ലത്തുനിന്ന് എത്തുന്നത്. 21 കാലുള്ള നക്ഷത്രങ്ങള്‍ വരെ വിപണിയിലുണ്ടെങ്കിലും അഞ്ചു കാലുള്ള നക്ഷത്രങ്ങള്‍ക്കാണ് ആവശ്യമേറെയും.
ഈറക്കമ്പുകള്‍ കൂട്ടിക്കെട്ടി വര്‍ണക്കടലാസ് ഒട്ടിച്ച് നക്ഷത്രവിളക്ക് തൂക്കുന്ന പഴയ രീതി ക്ലബുകളും യുവജന സംഘടനകളും ചില വീടുകളിലും തുടരുന്നുണ്ട്.
സ്ഥാപനങ്ങളിലും പള്ളികളിലും സ്റ്റീൽ ചട്ടക്കൂടിൽ തുണി, കയർ പോലുള്ളവ ഉപയോഗിച്ച് കൂറ്റൻ നക്ഷത്രങ്ങളും ഒരുക്കുന്നു. ഡിസംബര്‍ രണ്ടാം വാരത്തോടെ പുല്‍ക്കൂടും അലങ്കാര സാമഗ്രികളും സാന്താക്ലോസ് തൊപ്പിയും കുപ്പായവുമൊക്കെ മാര്‍ക്കറ്റിലെത്തും. 20 മുതല്‍ പടക്കം, പൂത്തിരി കടകളും വരും.

