വനംവകുപ്പ് കിടപ്പാടം തട്ടിയെടുത്ത ചാലക്കുടിക്കാരൻ ജോൺസന്റെ അനുഭവം നാളെ കേരളത്തിൽ ആർക്കുമുണ്ടാകാം. പക്ഷേ, സുപ്രീംകോടതി വരെ കേസ് നടത്തി കിടപ്പാടം തിരിച്ചുപിടിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അല്ലെങ്കിൽ സൗജന്യമായി കേസ് നടത്തി ജോൺസനെ സഹായിച്ച വക്കീലിനെപ്പോലെ ആരെങ്കിലും ഉണ്ടാകണം.
എന്തായാലും, ഭരണകൂടം അഭയാർഥിയാക്കിയ കുടുംബത്തെ കോടതി തിരികെ വീട്ടിൽ കയറ്റി. പക്ഷേ, കൊള്ളമുതൽ തിരിച്ചുകൊടുത്താൽ കവർച്ച ഇല്ലാതാകുമോ? ഉത്തരവാദികളായ ഉദ്യോഗസ്ഥർ എന്തെടുക്കുകയാണ്? പുതിയ ഇരകളെ തേടി നടക്കുകയാണോ? വീടില്ലാതായ ജോൺസന്റെ ദുരിതം, മക്കളുടെ എന്നെന്നേക്കുമായി മുടങ്ങിയ വിദ്യാഭ്യാസം, കടത്തിണ്ണയിലും വാടകവീട്ടിലുമായി അവരൊഴുക്കിയ കണ്ണീർ… നഷ്ടപരിഹാരം കൊടുക്കേണ്ടതല്ലേ നവകേരള നിർമാതാക്കളേ?
2019 നവംബർ 22നാണ് ഭൂമികൈയേറ്റം ആരോപിച്ച് ചാലക്കുടി ഡിഎഫ്ഒയുടെ നേതൃത്വത്തിൽ സായുധരായ ഇരുപത്തഞ്ചോളം വനം-പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് തുന്പൂർമുഴി പാറോക്കാരൻ ജോണ്‍സനെയും ഭാര്യ റൊബീന, മൂന്നു മക്കൾ, വൃദ്ധരായ മാതാപിതാക്കൾ എന്നിവരെയും സ്വന്തം കിടപ്പാടത്തിൽനിന്നു ബലമായി ഇറക്കിവിട്ടത്. 32 വർഷം മുന്‍പ് ജോൺസൺ പണം കൊടുത്തു വാങ്ങിയ വീട്ടിലുണ്ടായിരുന്നതെല്ലാം ഉദ്യോഗസ്ഥർ വലിച്ചുവാരി പുറത്തിട്ടു. വീടും ചേർന്നുണ്ടായിരുന്ന ചായക്കടയും പൂട്ടി സീൽ ചെയ്തു.
ആ രാത്രിയിൽ ഉദ്യോഗസ്ഥർ സംതൃപ്തിയോടെ ഭാര്യക്കും മക്കൾക്കുമൊപ്പം ഉറങ്ങിയപ്പോൾ, ജോൺസൺ മാതാപിതാക്കൾക്കും ഭാര്യക്കും മക്കൾക്കും കാവലായി സ്വന്തം കടത്തിണ്ണയിൽ കുത്തിയിരുന്നു. ചായക്കടയിലെ വരുമാനംകൊണ്ട് അന്നന്നത്തെ കാര്യം നടത്തിയെന്നല്ലാതെ സന്പാദ്യമൊന്നുമില്ല. എവിടേക്കു പോകുമെന്നറിയില്ല.
പ്രായമായ മാതാപിതാക്കളെയുംകൊണ്ട് തണുപ്പത്ത് എത്ര ദിവസം ഇങ്ങനെ കിടക്കും? എട്ടു കിലോമീറ്റർ അകലെ 6,500 രൂപയ്ക്ക് അയാളൊരു ചെറിയ വീട് വാടകയ്ക്കെടുത്തു. സത്രത്തിൽ ഇടം കിട്ടാതെ കാലിത്തൊഴുത്തിൽ കയറിക്കൂടിയവരുടെ നിസഹായത ആ ക്രിസ്മസിനു ജോൺസൺ തിരിച്ചറിഞ്ഞു. ആറു വർഷം കടന്നുപോയി. കൈയിൽ നയാപൈസയില്ല. രണ്ട് ആൺമക്കളുടെയും പഠനം നിർത്തി. ഒടുവിൽ ജോൺസണും മക്കളും ഐസ്ക്രീം വിൽപ്പനക്കാരായി.
ജോൺസൺ ഉള്ള സന്പാദ്യമെല്ലാം കൊടുത്തു വാങ്ങിയ വീട് അപ്പോൾ തുന്പൂർമുഴി അണക്കെട്ടിനും തൂക്കുപാലത്തിനുമടുത്ത് അനാഥമായിക്കിടന്നു. അയാൾ കോടതിയെ സമീപിച്ചു. എതിർഭാഗത്ത് വനംവകുപ്പ് സർക്കാർ ഭരണകൂട സംവിധാനങ്ങളും പണവുമെല്ലാം വാരിക്കോരി ചെലവഴിച്ചു കേസ് നടത്തി. ഹൈക്കോടതിയിലും വനംവകുപ്പ് ജയിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ പോകണമെങ്കിൽ വലിയ തുക ചെലവാകും. റിട്ട. എസ്ഐ പ്രതാപൻ, ജോണ്‍സന്റെ അവസ്ഥ സംസ്ഥാന മനുഷ്യാവകാശകേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് അഡ്വ. ജോസ് ഏബ്രഹാം സൗജന്യമായി കേസ് നടത്തി. സുപ്രീംകോടതി ഇതു വനഭൂമിയല്ലെന്നു കണ്ടെത്തി ഹൈക്കോടതി വിധി റദ്ദാക്കി, നാലാഴ്ചയ്ക്കകം ജോണ്‍സനു ഭൂമിയും സ്ഥലവും തിരിച്ചുനൽകണമെന്ന് ഉത്തരവിട്ടു. പക്ഷേ, സർക്കാരിനു പണം പ്രശ്നമല്ലല്ലോ. ജോൺസൺ ഉൾപ്പെടെ അടച്ച നികുതിപ്പണം ഉപയോഗിച്ചു പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും അതും തള്ളിയ ജസ്റ്റീസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച്, വിധി നടപ്പാക്കി ഡിസംബർ രണ്ടിനു വിവരം അറിയിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിനു ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ക്രിമിനൽ നടപടിയെടുക്കുമെന്ന് ഉത്തരവിട്ടു.
തിങ്കളാഴ്ച വനംവകുപ്പ് ഗതികെട്ടു വിധി നടപ്പാക്കി. പക്ഷേ, ഉത്തരവാദികൾ മറുപടി പറയണം. ആ കുടുംബത്തിന്റെ ആറു കണ്ണീർവർഷങ്ങളിലെ നഷ്ടത്തിനു സർക്കാർ നഷ്ടപരിഹാരം കൊടുക്കേണ്ടതല്ലേ? കള്ളക്കേസ് ചമച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണ്ടേ?ഈ സർക്കാർ നോക്കുകുത്തിയായപ്പോൾ, വന്യജീവികളെയും ധാർഷ്ട്യക്കാരായ ചില ഉദ്യോഗസ്ഥരെയും അഴിച്ചുവിട്ടു കേരളമൊട്ടാകെ കാട്ടുനീതി നടപ്പാക്കിയ വനംവകുപ്പിന്റെ ക്രൂരതകളിൽ ഒന്നു മാത്രമാണിത്.
തൊമ്മൻകുത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് പലയിടത്തും വനംവകുപ്പ് ഇത്തരം കൈയേറ്റങ്ങളിൽ അഭിരമിക്കുകയാണ്. ആലുവ-മൂന്നാർ രാജപാതയിലും നേര്യമംഗലം-വാളറ റോഡിലുമൊക്കെ അവർ വഴിമുടക്കുകയാണ്. പക്ഷേ, വന്യജീവികളുടെ ആക്രമണം തടയാൻ കഴിവുമില്ല. ഈ യുദ്ധം ജനങ്ങളോടാണ്. കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷമല്ല, വനംവകുപ്പ്-കർഷക സംഘർഷമാണുള്ളത്. ഇരകളായ പാവപ്പെട്ട കർഷകർക്ക് സുപ്രീംകോടതി വരെ കേസ് നടത്താനൊന്നും സാധിക്കില്ല. ആ നിസഹായതയെ ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുകയാണ്.
വനംവകുപ്പ് കൈയേറിയ റവന്യു, സ്വകാര്യ ഭൂമികളെക്കുറിച്ച് മുന്നണിയേതായാലും ഇനി വരുന്ന സർക്കാർ അന്വേഷണം നടത്തണം. സുതാര്യമായ തീരുമാനങ്ങളെടുക്കണം, കഴിവും ജനങ്ങളോടു പ്രതിബദ്ധതയുമുള്ളയാളെ മന്ത്രിയാക്കണം, ധിക്കാരികളും ജനദ്രോഹികളുമായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി നടപടിയെടുക്കണം. ബഹു. സർക്കാർ, ഗാസയിലെ മാത്രമല്ല, നിങ്ങൾ അഭയാർഥികളാക്കിയ കേരളത്തിലെ കുടുംബങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിൽ!
