കോട്ടയം: ജില്ലയിലെ സീനിയര്‍ മോസ്റ്റ് വോട്ടര്‍ മീനടം മാളിയേക്കല്‍ ശോശാമ്മ കുര്യാക്കോസിന് ഇത് പിറന്നാള്‍ മാസമാണ്. അതായത് 110-ാം പിറന്നാള്‍. അഞ്ചു തലമുറകള്‍ക്ക് കരുതലും സ്നേഹവും പകര്‍ന്ന ശോശാമ്മ പ്രായാധിക്യത്തെത്തുടര്‍ന്നുള്ള ക്ഷീണംമൂലം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ടു ചെയ്യുന്നില്ല.
ഇന്നേവരെയുള്ള തെരഞ്ഞെടുപ്പില്‍ ഇത് ആദ്യമായാണ് സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിലൊക്കെ വീടിനടുത്തുള്ള മീനടം സ്കൂളിലെ ബൂത്തില്‍ പോയി വോട്ടു ചെയ്തിരുന്നു.
ശാരീരിക അവശതകളെത്തുടര്‍ന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നുതന്നെ വോട്ടവകാശം രേഖപ്പെടുത്താവുന്ന 12 ഡി പ്രകാരമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
മാങ്ങാനം കാടംതുരുത്തേല് പരേതരായ ഈപ്പന്-അച്ചാമ്മ ദമ്പതികളുടെ മക്കളില്‍ മൂത്തയാളാണ് ശോശാമ്മ. പതിമൂന്നാം വയസിലായിരുന്നു വിവാഹം. മൂന്നു മക്കളാണു ശോശാമ്മയ്ക്ക്.

