തിരുവനന്തപുരം: മുൻ കൂർ ജാമ്യഹർജി കോടതി തള്ളിയതിന് തൊട്ടു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിന്റെ പ്രാഥ മിക അംഗത്വത്തിൽ നിന്നും പുറത്താക്കി.
നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
അതേസമയം, പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25മിനിട്ട് വാദമാണ് നടന്നത്. ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കി.
കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് അനുമതി ചോദിച്ചത് കോടതി അനുവദിച്ചിരുന്നു. രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പ്രോസിക്യൂഷൻ വാദം.
അശാസ്ത്രീയ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സമാനമായ നിരവധി ആക്ഷേപങ്ങൾ പ്രതിക്കെതിരെ ഉണ്ട്. ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാനിടയുണ്ട്. മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടയിൽ വ്യക്തമാക്കി.

