സിനിമാമേഖലയിലെ ജോലി സമയ വിഷയത്തില്‍ വിശദീകരണവുമായി നടി കീര്‍ത്തി സുരേഷ്. ഹൈദരാബാദില്‍ തന്റെ പുതിയ ചിത്രമായ റിവോള്‍വര്‍ റീത്തയുടെ പ്രൊമോഷനിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. കരിയറില്‍ പലതരം ഷിഫ്റ്റുകളില്‍ ജോലി ചെയ്തിട്ടുണ്ടെന്നും, ചിലപ്പോള്‍ രാവിലെ ഒന്‍പതു മണി മുതല്‍ അടുത്ത ദിവസം അടുത്ത ദിവസം പുലര്‍ച്ചെ രണ്ടു മണി വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും കീര്‍ത്തി മാധ്യമങ്ങളോട് വ്യക്തമാക്കി.
മഹാനടിയുടെ ചിത്രീകരണ സമയത്ത് മറ്റ് അഞ്ച് സിനിമകളിലും ഒരേ സമയം അഭിനയിച്ചിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍, എട്ടു മണിക്കൂര്‍ ഷിഫ്റ്റ് ആണ് ഏറ്റവും അനുയോജ്യം.രാവിലെ ഒന്‍പതു മണിക്കുള്ള ഷിഫ്റ്റിന്, 7.30-ന് സെറ്റിലെത്തണമെങ്കില്‍, ഞാന്‍ വീട്ടില്‍ നിന്ന് 6.30-ന് ഇറങ്ങണം, അതിനായി 5.30-ന് എഴുന്നേല്‍ക്കണം
. വൈകുന്നേരം 6-6.30 ഓടെ പാക്കപ്പ് ആകുമ്പോള്‍, വസ്ത്രം മാറി ഏഴു മണിക്ക് അവിടെനിന്ന് ഇറങ്ങും. വീട്ടില്‍ തിരിച്ചെത്തുമ്പോൾ സമയം 8.15 ആകും. വസ്ത്രം മാറി 8.30-ന് വര്‍ക്ക്ഔട്ടിന് പോകും, അത് കഴിയുമ്പോഴേക്കും പത്തു മണിയാകും. കുളിച്ച് അത്താഴം കഴിക്കുമ്പോഴേക്കും സമയം 11 ആയിട്ടുണ്ടാകും. ഇനി 11.30-ന് ഉറങ്ങി രാവിലെ 5.30-ന് എഴുന്നേല്‍ക്കണം- മിക്ക അഭിനേതാക്കളുടെയും ഒരു ദിവസം ഇങ്ങനെയായിരിക്കും.
എട്ടു മണിക്കൂര്‍ ഉറക്കം നല്ലതാണെന്ന് നമ്മള് പറയാറുണ്ട്.
പക്ഷേ ഞങ്ങള്‍ക്ക് ആറു മണിക്കൂര്‍ പോലും ഉറങ്ങാന്‍ സമയം കിട്ടാറില്ല. ഇതൊരു സാധാരണ 9-6 ഷിഫ്റ്റിലെ കാര്യമാണ്. ഇതിലും കൂടുതല്‍ മണിക്കൂര്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യേണ്ടി വരുന്നുണ്ട്. ഞങ്ങള്‍ക്കു മുന്‍പ് സെറ്റിലെത്തി ഞങ്ങള്‍ക്കുശേഷം പാക്കപ്പ് ചെയ്യുന്ന സാങ്കേതിക പ്രവർത്തകരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
തമിഴിലും തെലുങ്കിലും സാധാരണയായി 9-6 എന്നൊരു സമയക്രമമുണ്ട്. എന്നാല്‍ മലയാളത്തിലും ഹിന്ദിയിലും 12 മണിക്കൂറാണ് ജോലി. മലയാളത്തില്‍ ഇടവേളകളില്ലാതെ തുടര്‍ച്ചയായ ഷെഡ്യൂളുകളിലാണ് ജോലി ചെയ്യുന്നത്, അത് വളരെ ബുദ്ധിമുട്ടാണ്. അവര്‍ 3-4 മണിക്കൂറാണ് ഉറങ്ങുന്നത്, കേരളത്തിലെ ലൈറ്റ്മാന്മാര് 2-3 മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളൂ. ആഹാരവും വ്യായാമവും പോലെത്തന്നെ പ്രധാനമാണ് ഉറക്കവും- കീർത്തി വ്യക്തമാക്കി.
അടുത്തയിടെ നടിമാരായ ദീപിക പദുക്കോണും രശ്മിക മന്ദാനയും സിനിമയിലെ ജോലിസമയത്തെക്കുറിച്ചു സംസാരിച്ചിരുന്നു. തുടർന്ന് ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമായതിനു പിന്നാലെയാണ് കീർത്തിയുടെയും തുറന്നുപറച്ചിൽ.

