വിൻസ്റ്റൻ സ്മിത്ത്: ബിഗ് ബ്രദർ (വല്യേട്ടൻ) ഉള്ളതാണോ?ഒ’ബ്രിയൻ: ഉറപ്പായിട്ടും ഉണ്ട്.
വിൻസ്റ്റൻ സ്മിത്ത്: നിങ്ങളെയോ എന്നെയോ പോലെ അദ്ദേഹം നിലനിൽക്കുന്നുണ്ടോ?
ഒ’ബ്രിയൻ: നീ നിലനിൽക്കുന്നില്ല.(ജോർജ് ഓർവെലിന്റെ 1984 എന്ന നോവലിൽനിന്ന്)
ഒരു പൗരന് താൻ ഉണ്ടെന്നു തോന്നുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അയാളുടെ സ്വകാര്യതയാണ്. മറ്റൊരാൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന ബോധം, ബിജെപി-കോൺഗ്രസ്-കമ്യൂണിസ്റ്റ് വ്യത്യാസമില്ലാതെ ഏതൊരാളെയും അലോസരപ്പെടുത്തും. നിരീക്ഷകൻ, വല്യേട്ടൻ അഥവാ സർക്കാരാണെന്നുകൂടി വരുന്പോൾ താൻ ഇല്ലാതായതുപോലെ പൗരനു തോന്നും. “നീ നിലനിൽക്കുന്നില്ല” എന്ന് പൗരനോട് ജനാധിപത്യ സർക്കാർ പറയാൻ പാടില്ലാത്തതാണ്.
സൈബർ സുരക്ഷ ഉറപ്പാക്കാൻ ‘സഞ്ചാർ സാഥി’ ആപ്പ് എല്ലാ ഫോണുകളിലും നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ സ്മാർട്ട് ഫോൺ നിർമാതാക്കളോട് നിർദേശിച്ചത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. നീക്കംചെയ്യാനോ നിഷ്ക്രിയമാക്കാനോ കഴിയാത്തവിധം 90 ദിവസത്തിനകം ഫോണിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. ഇതുസംബന്ധിച്ച ആശങ്ക ഇന്നലെ പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചു. ആവശ്യമില്ലാത്തവർക്ക് അതു ഫോണിൽനിന്ന് ഒഴിവാക്കാമെന്നാണ് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചത്. പ്രതിഷേധം കനത്തതുകൊണ്ടാകാം, സർക്കാർ തീരുമാനത്തിൽനിന്നു പിന്മാറി.
അപ്പോഴും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്; ആവശ്യമുള്ളവർക്ക് ഉൾപ്പെടുത്താം എന്നു പറയുന്നതിനു പകരം, ആപ്പ് ഉൾപ്പെടുത്തിയ ഫോൺ മാത്രമേ വിൽക്കാവൂ എന്നു നിർബന്ധം പിടിച്ചത് എന്തിനാണ്? ഇതുവഴി എന്തിനാണ് സർക്കാർ സ്വയം സംശയനിഴലിലാകുന്നത്? ആപ്പ് ഫോണിൽനിന്ന് ഒഴിവാക്കിയാലും അതിന്റെ രഹസ്യഘടകങ്ങൾ ഒഴിവാകില്ലെന്ന സംശയം ഉപയോക്താവിനുണ്ട്. ഫോണിലുണ്ടോ എന്നുപോലും അറിയാൻ എളുപ്പമല്ലാതിരുന്ന പെഗാസസ് സോഫ്റ്റ്വേർ സംബന്ധിച്ച 2019ലെ സംശയങ്ങൾ തീർന്നിട്ടില്ല. “പെഗാസസ് പിൻവാതിലിലൂടെ വന്നെങ്കിൽ ‘സഞ്ചാർ സാഥി’ മുൻവാതിലിലൂടെ വരുന്നു” എന്ന സിപിഎം നേതാവ് തോമസ് ഐസക്കിന്റെ ആക്ഷേപം ഗൗരവമുള്ളതാണ്. സ്വകാര്യതയിലേക്കുള്ള ഇത്തരം കരുനീക്കങ്ങൾക്കെതിരേ 21-ാം വകുപ്പു വച്ച് ഭരണഘടന ചെക്കു പറയുന്നുണ്ട്.
മലയാളത്തിൽ ഉൾപ്പെടെ ടെലിവിഷൻ പരിപാടികളിൽ ബിഗ് ബ്രദറിന് എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കാം. മോഹൻലാലിനോ വല്യേട്ടൻസ്ഥാനത്തുള്ള ആർക്കെങ്കിലുമോ ആളുകളെ പുറത്താക്കുകയും ചെയ്യാം. പക്ഷേ, പൗരത്വം നിരീക്ഷണത്തിനുള്ളതല്ല. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനയുടെ 21-ാം വകുപ്പിനൊപ്പം, മറ്റു മൗലികാവകാശങ്ങൾക്കും സ്വകാര്യതയ്ക്കുമുള്ള അവകാശം ഉൾപ്പെടുന്നുണ്ടെന്ന് 2017 ഓഗസ്റ്റിൽ ഒന്പതംഗ ഭരണഘടനാ ബെഞ്ച് ആവർത്തിച്ചുറപ്പിച്ചിട്ടുണ്ട്.
സ്വകാര്യത മൗലികാവകാശമല്ലെന്ന കേന്ദ്രസർക്കാരിന്റെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും വാദങ്ങളാണ് അന്നു കോടതി തള്ളിയത്. വിധിയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: “അന്തസോടെയുള്ള ജീവിതം ഭരണഘടനാമൂല്യമാണ്. വ്യക്തിയാണു ഭരണഘടനയുടെ കേന്ദ്രബിന്ദു. തീർത്തും ഒഴിവാക്കാനാകാത്ത കാരണങ്ങളുള്ളപ്പോൾ നിയമാനുസൃത മാർഗങ്ങളിലൂടെ മാത്രമേ വ്യക്തികളുടെ സ്വകാര്യതയിൽ ഇടപെടാനാകൂ. അല്ലാതെ പൗരന്മാരുടെ ജീവിതത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും കടന്നുകയറാൻ ഭരണകൂടത്തിന് അവകാശമില്ല.’’കാര്യങ്ങൾ വ്യക്തമാണ്.
ലോകത്ത് ഒരു രാജ്യത്തും ഇത്തരത്തിലുള്ള നിർദേശം പാലിക്കുന്നില്ലെന്നും അതിനാൽ ഇന്ത്യയിലും പാലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സർക്കാർ നിർദേശത്തോട്, പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ ‘ആപ്പിൾ’ കമ്പനി പ്രതികരിച്ചത്. കമ്യൂണിസ്റ്റ് സർവാധിപത്യ ചൈനപോലും ഇത്തരത്തിലുള്ള നിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് ആപ്പിൾ കമ്പനി ചൂണ്ടിക്കാണിക്കുന്പോൾ നമ്മുടെ ജനാധിപത്യമാണു സംശയനിഴലിലാകുന്നത്. ഫോണുകൾ ഇപ്പോൾതന്നെ കച്ചവടത്തിനുൾപ്പെടെ വ്യക്തിവിവരങ്ങൾ ചോർത്തുന്നുണ്ട്.
ഡിജിറ്റൽ-ഇന്റർനെറ്റ് യുഗത്തിൽ അർഥനഗ്നനായിക്കഴിഞ്ഞ പൗരനെ പൂർണനഗ്നനാക്കുന്ന നടപടിക്കാണ് സർക്കാർ തുനിഞ്ഞത്. ‘സഞ്ചാർ സാഥി’ ആപ്പുകൊണ്ട് സർക്കാർ നിർബന്ധിച്ചു ‘രക്ഷാപ്രവർത്തനം’ നടത്തരുത്. പൗരന്മാരുടെ സ്വകാര്യത അറിയണമെന്ന സർക്കാരിന്റെ നിർബന്ധം, “നീ നിലനിൽക്കുന്നില്ല, ഞാൻ മാത്രമേയുള്ളൂ” എന്നു പറയുന്നതിനു തുല്യമാണ്.
അടിയന്തരാവസ്ഥയെ വിമർശിച്ചിട്ടുണ്ട് എന്നതുകൊണ്ടു മാത്രം നമ്മിൽ ഏകാധിപത്യത്തിന്റെ അംശമില്ലെന്നു പറയാനാകില്ല. ഏകാധിപത്യംപോലെ, അധികാരംകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ പലതുണ്ടല്ലോ മനുഷ്യന്റെ മനസിൽ.
