കേരളത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായ പതിനായിരത്തിലധികം കുട്ടികളിൽ അറുനൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ നടുക്കുന്നതാണ്. 20 വർഷം മുന്പ് ആലപ്പുഴയിലെ വീട്ടുമുറ്റത്ത് കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ ഏഴുവയസുകാരൻ രാഹുൽ കേരളത്തിന്റെ തീരാനൊന്പരമാണ്.
പക്ഷേ, അതുപോലെ 607 കുട്ടികൾ കാണാമറയത്തുണ്ടെന്ന് അറിയുന്പോൾ, നാം വേദനയുടെയും നടുക്കത്തിന്റെയും വഴിയിൽനിന്നു മാറി ജാഗ്രതയിലാകുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണത്തിന്റെ പുതിയ ഫയൽ തുറക്കുകയും വേണം. കരയുന്ന കുട്ടികളെ പിടിക്കാൻ പിള്ളേരെ പിടിത്തക്കാർ വരുമെന്നു പറഞ്ഞിരുന്നത് വെറുതെ പേടിപ്പിക്കാനായിരുന്നു. പക്ഷേ, ഇപ്പോൾ മാതാപിതാക്കൾ പേടിച്ചു കരയുകയാണ്. കുട്ടികളെ കാണുന്നില്ല, പിള്ളേരെ പിടിത്തക്കാരെയും.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തുനിന്ന് കാണാതായ കുട്ടികളുടെ വിശദാംശങ്ങൾ തേടി കോണ്ഗ്രസ് എംപി രേണുക ചൗധരി ഉന്നയിച്ച ചോദ്യത്തിനാണ്, ലഭ്യമായ കണക്കുകൾ കേന്ദ്ര വനിത-ശിശുക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂർ രാജ്യസഭയിൽ സമർപ്പിച്ചത്. അന്പരപ്പിക്കുന്ന കണക്കായിരുന്നു അത്. 2018 മുതൽ 2023 വരെ രാജ്യത്ത് 6,14,432 കുട്ടികളെ കാണാതായതിൽ 3,81,044 പേരെ വീണ്ടെടുത്തു. 2,33,388 കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ല.
പശ്ചിമബംഗാൾ, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ കുട്ടികളെ കാണാതായിട്ടുള്ളത്. കേരളത്തിൽ 10,125 കുട്ടികളെ കാണാതായതിൽ 9,518 കുട്ടികളെ മാത്രമാണ് വീണ്ടെടുത്തത്. 607 കുട്ടികൾ കാണാമറയത്താണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കുട്ടികളെ കണ്ടെത്തുന്നതിൽ കേരളം മുന്നിലാണെന്നു പറയാം. പക്ഷേ, കാണാതായ കുട്ടികളുടെ കുടുംബങ്ങളോടുള്ള മറുപടിയല്ല. 2023 വരെയുള്ള കണക്കേ 2025 അവസാനിക്കുന്പോഴും സർക്കാരിന്റെ പക്കലുള്ളൂ അല്ലെങ്കിൽ അവതരിപ്പിച്ചുള്ളൂ. സാങ്കേതികവിദ്യ ചിലയിടത്ത് ഇഴയുകയാണോ?
ഒരു കുട്ടിയെ കാണാതാകുന്ന വീടിന്റെ സ്ഥിതിയെന്തെന്ന് കേരളത്തെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു 2005 മേയിൽ ആലപ്പുഴയിൽനിന്നു കാണാതായ രാഹുലിന്റേത്. ട്യൂഷൻ കഴിഞ്ഞു വന്നയുടനെ വീടിനടുത്തുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു. ഇടയ്ക്ക് ഭക്ഷണം കഴിക്കാനെത്തി മടങ്ങി. മകനെ തിരിച്ചുവിളിക്കാൻ അമ്മ മൈതാനത്തെത്തിയപ്പോൾ അവൻ വെള്ളം കുടിക്കാനെന്നു പറഞ്ഞ് വീട്ടിലേക്കു പോയെന്നാണു കൂട്ടുകാർ പറഞ്ഞത്. പക്ഷേ, പിന്നീടാരും രാഹുലിനെ കണ്ടിട്ടില്ല.
സിബിഐ രണ്ടുതവണ അന്വേഷിച്ചിട്ടും തുന്പില്ലാതെ വന്നതോടെ 2015ൽ കേസ് അവസാനിപ്പിച്ചു. വിദേശത്തായിരുന്ന രാഹുലിന്റെ അച്ഛൻ പിന്നീടു മടങ്ങിപ്പോയില്ല. കേസിനുവേണ്ടി ഓടിനടന്ന മുത്തച്ഛൻ 2019ൽ മരിച്ചു. സംശയത്തിന്റെ സൂചന കിട്ടിയിടത്തെല്ലാം ഓടിയെത്തി മാതാപിതാക്കൾ അന്വേഷണം തുടർന്നുകൊണ്ടിരുന്നു. അച്ഛൻ വിഷാദം സഹിക്കാനാകാതെ 2022ൽ ജീവനൊടുക്കി. ഒരു കുട്ടിയെ കാണാതാകുന്ന നിമിഷം മുതൽ ആ വീട് മറ്റൊന്നായി മാറുകയാണ്. മരണത്തേക്കാൾ ഭയാനകമാണ് ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ ഏതവസ്ഥയിലാണ് തന്റെ കുഞ്ഞ് എന്നൊക്കെ ചിന്തിക്കേണ്ടിവരുന്ന അനിശ്ചിതാവസ്ഥ. അങ്ങനെ കേരളത്തിലും നൂറുകണക്കിനു കുടുംബങ്ങൾ!
കാണാതാകുന്ന കുട്ടികളുടെ കേസുകൾ ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച് വർധിക്കുകയാണ്. എന്നാൽ, കാണാതാകുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനം മെച്ചപ്പെട്ടതിനാലാണ് കേസുകൾ വർധിച്ചതെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. കുട്ടികളുടെ തിരോധാനം കുറയ്ക്കുന്നതിനായി സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് വനിത- ശിശുക്ഷേമ മന്ത്രാലയം സംയോജിത ഏകീകൃത മിഷൻ വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്.
കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന ‘ട്രാക്ക് ചൈൽഡ്’ പോർട്ടലും ‘ഖോയാ പായാ’ ആപ്ലിക്കേഷനും സംയോജിപ്പിച്ചാണ് ഏകീകൃത മിഷന് വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുള്ളത്. 17 വയസ് വരെയുള്ളവരെ കുട്ടികളായിട്ടാണ് കണക്കാക്കുന്നത്. കാണാതാകുന്നവരെയെല്ലാം ആരെങ്കിലും തട്ടിക്കൊണ്ടുപോയി എന്നർഥമില്ല. ഭിക്ഷാടന മാഫിയ പഴയതുപോലെ സജീവമല്ല. സമൂഹമാധ്യമങ്ങളുടെ സ്വാധീനം വിലയിരുത്തണം.
മാതാപിതാക്കൾ ഉണ്ടാക്കുന്ന സംഘർഷം ഉൾപ്പെടെ വീട്ടിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളും ചീത്ത കൂട്ടുകെട്ടുകളും മൂലം സ്വമേധയാ ഒളിച്ചോടുന്നവരുമുണ്ട്. കാണാതാകുന്നവരിലും കണ്ടെത്താനാകാത്തവരിലും 70 ശതമാനത്തോളം പെൺകുട്ടികളാണെന്നതും അതീവഗൗരവമുള്ളതാണ്. ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും നിർബാധം തുടരുന്നുമുണ്ട്. രാജ്യസഭയിൽ കണക്കു വയ്ക്കുന്നതിൽ തീരുന്നില്ല സർക്കാരിന്റെ ഉത്തരവാദിത്വം. എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികളെ വീണ്ടെടുക്കാനാകാത്തത് എന്ന ചോദ്യം ബാക്കിയാണ്.
സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാണെന്നു പറയുന്പോഴും പുതിയ കണക്കുകൾ അതുമായി ചേരുന്നില്ല. മികച്ച അന്വേഷണസംവിധാനങ്ങൾ ആവിഷ്കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു ബാധ്യതയുണ്ട്. ആരാണ് പിള്ളേരെ പിടിത്തക്കാരെന്നറിയണം. വീട്ടിൽനിന്നിറങ്ങുന്നതു മുതൽ കുട്ടികൾ എവിടെയാണെന്നും ആരാണ് കൂട്ടെന്നും എപ്പോൾ വരുമെന്നും മാതാപിതാക്കളും അറിയണം.
