തൃശൂര്‍: വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ തെളിവെടുപ്പിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. പരാതിക്കാരിയെ കൂടെക്കൂട്ടി തെളിവെടുപ്പു നടത്തുന്നതു കേട്ടുകേള്‍വിയില്ലാത്തതാണ്. തൊണ്ടിമുതല്‍ കണ്ടെടുക്കുന്നതും തെളിവു ശേഖരിക്കുന്നതും പ്രതിയെ അറസ്റ്റുചെയ്തതിനു ശേഷമോ പ്രതിയുടെ സാന്നിധ്യത്തിലോ ആണ്. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു മൂന്നു മാസവും തുടരന്വേഷണം ആരംഭിച്ചിട്ടു പത്തു ദിവസവും കഴിഞ്ഞിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ തെളിവ് ശേഖരിക്കാനോ അന്വേഷണസംഘം തയാറായിട്ടില്ലെന്നു കാണിച്ച് എംഎല്‍എ ഡിജിപിക്കു പരാതി നല്‍കി.
കേസ് ഒത്തുതീര്‍ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെ കണ്ടിരുന്നുവെന്നും വിഷയം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും യുവതി പറഞ്ഞതായി അനില്‍ അക്കര പറഞ്ഞു. ഈ സാഹചര്യത്തില്‍ പരാതിക്കാരിക്കൊപ്പം പ്രതികളേയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മുനിസിപ്പല്‍ കൗണ്‍സിലര്‍മാരേയും കെ. രാധാകൃഷ്ണനേയും നുണപരിശോധനയ്ക്കു വിധേയരാക്കണമെന്നും അനില്‍ അക്കര ഡിജിപിയോട് ആവശ്യപ്പെട്ടു.