അരി വിതരണം ചെയ്തു സമരം; വാങ്ങാനെത്തിയതു രണ്ടായിരം പേര്‍; പ്രതീക്ഷിച്ചത് 500 പേരെ; അരി വാങ്ങാനെ ത്തിയവരെ കണ്ട് സംഘാടകര്‍ അമ്പരന്നു

TCR-NATTIKA-RICE

തൃപ്രയാര്‍: റേഷന്‍ വിതരണം താറുമാറാക്കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ അരി വിതരണം ചെയ്ത് നടത്തിയ സമരത്തില്‍ അരി വാങ്ങാനെത്തിയവര്‍ രണ്ടായിരം പേര്‍. കോണ്‍ഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടിക സെന്ററിലെ 112-ാം നമ്പര്‍ റേഷന്‍കടക്കു മുന്നിലായിരുന്നു പ്രതീകാത്മക ജനകീയ റേഷന്‍ കട ഇന്നലെ ഉച്ചതിരിഞ്ഞ് നാലരയോടെ സ്ഥാപിച്ചത്.അരി വാങ്ങാന്‍ 500 പേരെയാണ് സമരക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അരി വാങ്ങാനെത്തിയവരെ കണ്ട് സംഘാടകര്‍ ഒന്ന് അമ്പരന്നു.

ഒടുവില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് 110 ചാക്ക് അരി സംഘടിപ്പിക്കുകയായിരുന്നു. ചെറുമണി അരിയാണ് വിതരണം ചെയ്തത്. ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടെ ആരംഭിച്ച അരിവിതരണം രാത്രി ഏഴുമണിയോടെയാണ് അവസാനിച്ചത്. നാട്ടിക ഗ്രാമപഞ്ചായത്തിലെ റേഷന്‍ കാര്‍ഡുടമകള്‍ക്കായിരുന്നു സൗജന്യമായി അരി വിതരണം ചെയ്യുമെന്ന് ഡിസിസി സെക്രട്ടറിമാരായ അനില്‍ പുളിക്കല്‍, വി.ആര്‍.വിജയന്‍ എന്നിവര്‍ അറിയിച്ചിരുന്നു.

തിരക്ക് കൂടിയതോടെ കാര്‍ഡില്ലാത്തവര്‍ക്കും സമീപ പഞ്ചായത്തുകളായ വലപ്പാട്, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ എന്നീ പഞ്ചായത്തുകളിലുള്ളവര്‍ക്കും നല്‍കിയതായി സമരക്കാര്‍ അറിയിച്ചു. നിയുക്ത ഡിസിസി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ എംഎല്‍എ ജനകീയ റേഷന്‍ കടയിലെ ആദ്യ അരിവിതരണം നടത്തി ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി അനില്‍ പുളിക്കല്‍ അധ്യക്ഷനായിരുന്നു. ഡിസിസി സെക്രട്ടറി വി.ആര്‍.വിജയന്‍, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്പി.എം.സിദ്ധിഖ്, ഇ.വി.ധര്‍മന്‍, മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts