റിച്ചാര്‍ഡ് ജോസഫ്
കേരളത്തിലെ പിന്നോക്ക മേഖലകളിലും ചേരി നിവാസികളിലും ക്ഷയരോഗത്തിന്റെ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ട് വര്‍ഷങ്ങളായി. ക്ഷയരോഗത്തെക്കുറിച്ചും ഇതിന്റെ ഭീകരതയെക്കുറിച്ചും വലിയ അറിവൊന്നും ഇല്ലാത്തവരാണ് ഇവര്‍. അതുകൊണ്ടുതന്നെ ടിബിയുടെ ചികിത്സയും മുന്‍കരുതലുകളുമൊക്കെ ഇവിടെ വൈകുന്നുവെന്നതാണ് സത്യം. ഇതു രോഗം കൂടുതല്‍ മൂര്‍ച്ഛിക്കുന്നതിനും രോഗികളെ അപകടാവസ്ഥയിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു.
ഇതാ ചില ജീവിതങ്ങള്‍
കൊല്ലം ജില്ലയിലെ ഒരു ചേരിപ്രദേശത്ത് ചായക്കട നടത്തിയിരുന്ന വാസുവിന്റെ(പേര് യഥാര്‍ഥമല്ല) ജീവിതത്തെക്കുറിച്ചു മനസിലാക്കുമ്പോള്‍ ക്ഷയരോഗം വേഗത്തില്‍ പകരുന്ന ഒന്നാണെന്ന് മനസിലാകും. വര്‍ഷങ്ങള്‍ക്കു മുമ്പാണ് വാസുവിന് ക്ഷയരോഗം പിടിപെട്ടത്. എന്നാല്‍ എവിടെനിന്ന്, എങ്ങനെ ഈ രോഗം പിടിപെട്ടുവെന്ന് വാസുവിനും വ്യക്തതയില്ല. ചേരിയുടെ ഒരുമുക്കിലുള്ള ഒരു ചെറിയ ചായക്കടയാണ് വാസുവിന്റെയും കുടുംബത്തിന്റെയും ഉപജീവനമാര്‍ഗം. ചായക്കടയില്‍ വരുന്നവര്‍ നിരവധി. വളരെ നാളുകള്‍ക്കു ശേഷമാണ് ആ സത്യം ആളുകള്‍ തിരിച്ചറിഞ്ഞത്. വാസു ക്ഷയരോഗിയാണ്.
വാസുവില്‍ നിന്നും നിരവധി പേര്‍ക്കാണ് ക്ഷയരോഗം പിടിപെട്ടത്! ചായക്കടയില്‍ ഭക്ഷണം കഴിക്കാനെത്തിയവര്ക്കു മാത്രമല്ല. വാസുവിന്റെ സഹോദരി, സഹോദരീഭര്‍ത്താവ്, സഹോദരി പുത്രന് എന്നിവര്‍ക്കും വാസുവില്‍ നിന്നും ക്ഷയോഗം പിടിപെട്ടു. പിന്നീട് ചായക്കട നിര്‍ത്തിയ വാസു വിദഗ്ധ ചികിത്സ നേടി. എന്നാല്‍ വാസുവില്‍ നിന്നു ടിബി പിടിപെട്ടവരുടെ പലരുടെയും നില ഗുരുതരമായിരുന്നു. വാസുവില്‍ നിന്നു ടിബി പകര്‍ന്ന അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ടിബി മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. കൊല്ലത്തെ ഒരു ആംഗന്‍വാടിയില്‍ നിന്നു മരുന്നു വാങ്ങാനെത്തിയ വാസുവിന്റെ സഹോദരിയാണ് ടിബിയുടെ ഈ ഗുരുതരാവസ്ഥ വെളിപ്പെടുത്തിയത്. ഈ ആംഗന്‍വാടിയില്‍ മരുന്നുവാങ്ങാനെത്തുന്നവര് നിരവധിയാണ്. തങ്ങള്‍ക്ക് ക്ഷയരോഗമുണ്ടെന്ന് വെളിപ്പെടുത്താനാഗ്രഹിക്കാത്തവരാണ് അധികവും.
എന്തുകൊണ്ട് ചേരികളില്‍
രോഗപ്രതിരോധശേഷി കുറഞ്ഞ വരിലാണ് ക്ഷയരോഗബാധ കൂടുതലായും ഉണ്ടാകുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ ക്ഷയരോഗാണുക്കള്‍ക്ക് വേഗത്തില്‍ മനുഷ്യശരീരത്തില്‍ കടന്നുകൂടാന്‍ സാധിക്കും. പോഷകാഹാരക്കുറവു കൊണ്ടാണ് പ്രതിരോധശേഷി കുറയുന്നത്. ചേരികളിലെയും മറ്റു പിന്നോക്ക പ്രദേശങ്ങളിലെയും പട്ടിണിയും ദാരിദ്ര്യവും ഒരു പരിധിവരെ പാവപ്പെട്ടവരില്‍ ക്ഷയരോഗം പിടിപെടുന്നതിന് കാരണമാകുന്നു. പട്ടിണികൊണ്ടുമാത്രമല്ല രോഗപ്രതിരോധശേഷി കുറയുന്നത്. സമീകൃതാഹാരം കഴിക്കാത്തതുകൊണ്ടും രോഗപ്രതിരോധ ശേഷി കുറയാം. സമീകൃതാഹാരം എന്താണെന്നു പോലും അറിയാത്തവര്‍ ഇന്ന് കേരളത്തിലെ പിന്നോക്ക പ്രദേശങ്ങളിലുണ്ടെന്നതാണ് വസ്തുത. വൈറ്റമിന്‍ ഡിയുടെ കുറവും രോഗാണുക്കളെ വേഗത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്നു.
ജനാലകള്‍ കുറവുള്ള വീടുകള്‍
ചേരികളിലും പിന്നോക്ക പ്രദേശങ്ങളിലും താമസിക്കുന്നവരില്‍ ക്ഷയരോഗ സാധ്യത കൂടുതലായതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്ന് കൊല്ലം ജില്ലാ ടിബി ഓഫീസര്‍ ഡോ.കൃഷ്ണവേണി പറയുന്നു. ഇത്തരം പ്രദേശങ്ങളില്‍ പൊതു സ്ഥലങ്ങളില്‍ എത്തുന്നവരെ കോണ്ടാക്ട് ട്രേസിംഗിന്റെ ഭാഗമായി കഫ പരിശോധനയും മറ്റും നടത്തുന്നുണ്ട്. കഫ പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കും. കൊല്ലത്തെ 75ഓളം ശുചീകരണ തൊഴിലാളികളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഇവരില്‍ ആരിലും ടിബി രോഗാണുക്കളെ കണ്ടത്താനായില്ലെന്നും ഡോ.കൃഷ്ണവേണി പറയുന്നു. ജനാലകളും വാതിലുകളും കുറവുള്ള വീടുകളില്‍ താമസിക്കുന്നവരിലാണ് ടിബി രോഗം പടര്‍ന്നുപിടിക്കുന്നത്.
ക്ഷയരോഗത്തെ മനസിലാക്കാം
മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരി യയാണ് ട്യൂബര്‍കുലോസിസ് അഥവാ ക്ഷയരോഗം ഉണ്ടാകുന്നതിന് കാരണമാകുന്നത്. 1882ല്‍ റോബര്‍ട്ട് കോക് എന്ന ശാസ്ത്രജ്ഞനാണ് ഇത് കണ്ടുപിടിച്ചത്. വായുവില്‍ കലര്‍ന്നിരിക്കുന്ന ക്ഷയരോഗാണുക്കളെ ശ്വസിക്കുന്നതിലൂടെ ഈ രോഗം പകരുന്നു. ശക്തികൂടിയ രോഗാണുക്കളും രോഗിയുടെ പ്രതിരോധശേഷി കുറവും രോഗത്തെ ഗുരുതരമാക്കും.
രോഗപ്രതി രോധ സംവിധാനം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗാണുക്കളെ ഉടന്‍ ചെറുക്കാന്‍ കഴിയുന്നു. മറ്റുചിലരില്‍ ബാക്ടീരി യ ഉടനെ പെറ്റുപെരുകി പ്രത്യക്ഷത്തില്‍ത്തന്നെ ടിബി രോഗലക്ഷണങ്ങള്‍ കാണിക്കുന്നു. ചിലരില്‍ രോഗാണുക്ക ള്‍ രോഗമുണ്ടാക്കാതെ വര്‍ഷങ്ങളോളം നിശബ്ദരായിരിക്കും. ഇങ്ങനെയു ള്ളവരില്‍ പിന്നീട് രോഗപ്രതിരോധശേഷി കുറയുമ്പോള്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാം. രോഗിയില്‍ ആദ്യമായി രോഗാണു പ്രവേശിച്ച് രോഗബാധ ഉണ്ടാകുന്നതിനെ െ്രെപമറി ടിബിയെന്നും രോഗപ്രതി രോധശേഷി ആര്‍ജി ച്ചവരില്‍ പിന്നീട് രോഗം വന്നാല്‍ അതിനെ പോസ്റ്റ് പ്രൈമറി ടിബി എന്നും പറയുന്നു.
രോഗലക്ഷണങ്ങള്‍
തലമുടിയും നഖവും പല്ലും ഒഴികെ ശരീരത്തിലെ ഏത് അവയവത്തെയും ക്ഷയരോഗം ബാധിക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എണ്‍പത്തിയഞ്ച് ശതമാനം ആളുകളിലും ശ്വാസകോ ശത്തെയാണ് ക്ഷയരോഗാണുക്കള്‍ ബാധിക്കുന്നത്. 15 ശതമാനത്തോളം പേരില്‍ ശ്വാസകോശേതര ക്ഷയരോഗം ഉണ്ടാകുന്നു. ശ്വാസകോശ ത്തെയാണ് ബാധിക്കുന്നതെങ്കില്‍ കഫത്തോടുകൂടിയ ചുമ, പനി, ശ്വാസംമുട്ടല്‍ എന്നിവ ഉണ്ടാകാം. ശരീരം മെലിയുകയും ചെയ്യും. എന്നാല്‍ ആരോഗ്യമുള്ള ഒരാളില്‍ കഫമില്ലാതെ ചുമ മാത്രം വരുന്നത് ക്ഷയരോഗമാകാറില്ല. പനിയും ചുമയും ശരീരം ക്ഷീണിക്കലും ഒരുമിച്ചു പ്രകടമായാല്‍ എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണം. മറ്റ് അവയവങ്ങളിലാണ് ടിബി ബാധിക്കുന്നതെങ്കില്‍ വ്യത്യസ്ത ലക്ഷണങ്ങ ളുണ്ടാകാം. വിട്ടുമാറാതെയുള്ള പനിയും ശരീരം മെലിയുന്നതും ടിബിയുടെ ലക്ഷണങ്ങളായി പറയുന്നു.
ശ്വാസകോശേതര ടിബി
ബോണ്‍ ടിബി: ലക്ഷണങ്ങള്‍-കൈകാലുകള്‍ക്ക് ബലക്കുറവ്, സന്ധിവേദന, സന്ധി വീക്കം, എല്ലില്‍ പഴുപ്പ്, മുഴ.
വൃക്കകളെ ബാധിക്കുന്ന ജനിറ്റോ യൂറിനറി ടിബി: ലക്ഷണങ്ങള്‍- വൃക്കകളില്‍ കല്ല്, വയറുവേദന, മൂത്രത്തില്‍ പഴുപ്പ്, മൂത്രതടസം, മൂത്രത്തില്‍ രക്തം.
ബ്രെയിന്‍ ടിബി: ലക്ഷണങ്ങള്‍-വിട്ടുമാറാത്ത തലവേദന, തലച്ചോറില്‍ മുഴ, ബോധക്കുറവ്, പക്ഷാഘാതം.
നാളെ: രോഗവുമായി വിരുന്നെത്തുന്നവര്‍