ആലപ്പുഴ ജില്ലയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. കലവൂര്‍ അയ്യങ്കാളി ജങ്ഷന് കിഴക്ക് വശമുള്ള കോഴിഫാമിലെ തൊഴിലാളിയായ അശ്രു(26)വിനാണ് തെങ്ങില്‍നിന്നും ഇറങ്ങാന്‍ പറ്റാതെ വന്നത്. രസത്തിനുവേണ്ടിയാണ് ഒരു കടയില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയായ യുവാവ് തെങ്ങില്‍ കയറിയത്. എന്നാല്‍, അറിയാത്ത പണി ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് അയാള്‍ ഒരിക്കലും കരുതിയില്ല.
ഒടുവില്‍ ആലപ്പുഴയില്‍നിന്നും അഗ്നിശമനസേനയെത്തിയാണ് ഇയാളെ രക്ഷിച്ചത്. ഇന്നലെ രാവിലെ 11നു കലവൂര്‍ പാര്ഥന് കവലയ്ക്കു സമീപം കാലക്കല്‍ പറമ്പുവീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ പുരയിടത്തിലെ ഉയരമുള്ള തെങ്ങിലാണ് അശ്രു ധൈര്യപൂര്‍വം കയറിയത്. എന്നാല്‍, മുകളിലേക്കു ചെന്നു താഴേക്കു നോക്കിയപ്പോഴാണ് ഇറക്കം പന്തികേടാണെന്നു യുവാവിനു തോന്നിയത്. പേടി മൂലം തെങ്ങിന്റെ മുകളിലിരുന്നു നിലവിളിച്ച അശ്രുവിനു താഴെനിന്നു നാട്ടുകാര്‍ ധൈര്യം കൊടുത്തെങ്കിലും അശ്രുവിന്റെ പേടി ഇറങ്ങാന്‍ അനുവദിച്ചില്ല.
നാട്ടുകാര്‍ ഇറങ്ങാന്‍ ധൈര്യം പകര്‍ന്നെങ്കിലും ചവിട്ടിയ ഓലമടല് അടര്‍ന്നതോടെ അശ്രു പേടിച്ച് വിറച്ച് അവശനായി. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുമുള്ള അഗ്നിശമനസേനാ യൂണിറ്റ് സ്ഥലത്തെത്തി. ഏണി വച്ച് മുകളില്‍ ചെന്ന സേനാംഗങ്ങള്‍ അശ്രുവിനെ ആശ്വസിപ്പിച്ച് ധൈര്യം പകര്‍ന്നു. അതിനിടയിലും കീഴ്പോട്ട് നോക്കിയ അശ്രുവിന്റെ് കൈകാലുകള്‍ വിറച്ചു. ഒടുവില്‍ ഫയര്‍ഫോഴ്സ് റോപ്പ് കെട്ടി ഇയാളെ താഴെ ഇറക്കുകയായിരുന്നു.