പരിയാരം: വിളയാങ്കോട് വീട് കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യം അന്വേഷണസംഘത്തിനു ലഭിച്ചു. തളിപ്പറമ്പ് ചിറവക്കിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ എടിഎം കൗണ്ടറിലെ സിസിടിവി കാമറയില്‍ പതിഞ്ഞ മോഷ്ടാക്കളില്‍ ഒരാളുടെ ദൃശ്യമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും തളിപ്പറമ്പ് സിഐ കെ. വിനോദ്കുമാര്‍ പറഞ്ഞു. കഴിഞ്ഞ 21 നാണ് വിളയാങ്കോട്ടെ വ്യാപാരി കെ.വി.തമ്പാന്റെ വീട്ടില്‍നിന്നും 28 പവന് സ്വര്‍ണവും 54,000 രൂപയും കവര്‍ച്ച ചെയ്തത്.
ചിറവക്കിലെ എടിഎം കൗണ്ടറില്‍ കയറി പണം പിന്‍വലിച്ച കവര്ച്ചാസംഘാംഗത്തിന്റെ ഫോട്ടോ പോലീസിനു ലഭിച്ചതു പരിശോധിച്ചപ്പോള്‍ 25 വയസുതോന്നിക്കുന്ന യുവാവാണെന്നു വ്യക്തമായിട്ടുണ്ട്. റോഡരികിലെ വീടുകളും കടകളും കൊള്ളയടിക്കുന്ന അന്തര്‍സംസ്ഥാന സംഘമാണു വിളയാങ്കോട്ട് കവര്‍ച്ച നടത്തിയതെന്നു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.