‘വളയം” പിടിക്കാനാളില്ല; ആറു ലോഫ്‌ളോര്‍ ബസുകള്‍ ഓടിക്കാതെ കിടക്കുന്നു

TCR-KSRTCതൃശൂര്‍: ഡ്രൈവര്‍മാരില്ലാത്തതു മൂലം കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍ ആറു ലോ ഫ്‌ളോര്‍ ബസുകള്‍ ഓടാതെ കിടക്കുന്നു. ശബരിമല സീസണ്‍ കഴിഞ്ഞ് തൃശൂര്‍ ഡിപ്പോയിലേക്കു വന്ന ലോ ഫ്‌ളോര്‍ ബസുകളാണ് സര്‍വീസ് നടത്താന്‍ കഴിയാതെ കിടക്കുന്നത്. 12 ലോ ഫ്‌ളോര്‍ ബസുകളില്‍ ആറെണ്ണം ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. 12 ഡ്രൈവര്‍മാരും 12 കണ്ടക്ടര്‍മാരുമുണ്ടെങ്കില്‍ മാത്രമേ ആറു ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ സാധിക്കൂവെന്ന് അധികൃതര്‍ പറയുന്നു.

നല്ല കളക്ഷന്‍ കിട്ടുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്തി നല്ല രീതിയില്‍ മുന്നോട്ടുപോകാനുള്ള സാധ്യതകളെല്ലാം ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. നേരത്തെ എം പാനല്‍ ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് എടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ പിഎസ്‌സി മുഖാന്തിരമാണ് നിയമനം. നിയമനങ്ങള്‍  ഇല്ലാത്തതു മൂലം സര്‍വീസുകള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയും കിട്ടാവുന്ന വരുമാനം വേണ്ടെന്നുവയ്‌ക്കേണ്ട അവസ്ഥയുമാണ്. വന്‍നഷ്ടമാണ് ഇതുവഴി കെഎസ്ആര്‍ടിസി നേരിടുന്നത്. കേരളത്തിലെ മിക്ക ഡിപ്പോകളിലും ഇതുതന്നെയാണ് സ്ഥിതി. പലയിടത്തും ആവശ്യത്തിനു ഡ്രൈവര്‍മാരടക്കമുള്ള ജീവനക്കാരില്ലാത്തതു വന്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ആലുവ മഹാശിവരാത്രി പ്രമാണിച്ച് തൃശൂരില്‍നിന്നും സ്‌പെഷല്‍ സര്‍വീസ് നടത്താന്‍ തൃശൂര്‍ ഡിപ്പോയില്‍നിന്നും ജില്ലയിലെ മറ്റു ഡിപ്പോകളിലേക്ക് ഓരോ ഡ്രൈവര്‍മാരെയെങ്കിലും കിട്ടുമോ എന്ന് വിളിച്ചുചോദിച്ചപ്പോള്‍ ഏതെങ്കിലും സര്‍വീസ് വേണ്ടെന്നുവച്ചാല്‍ മാത്രമേ ഡ്രൈവര്‍മാരെ കിട്ടൂവെന്നാണ് ഡിടിഒയ്ക്കു ലഭിച്ച മറുപടി. മഹാശിവരാത്രി പ്രമാണിച്ച് ആലുവയ്ക്കു ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ സാധിച്ചാല്‍ വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നും ഡ്രൈവര്‍മാരെ ലഭിച്ചാല്‍ സര്‍വീസ് നടത്താമെന്നും അധികൃതര്‍ പറയുന്നു.

ഓരോ മാസവും ഡ്രൈവര്‍മാരടക്കമുള്ളവര്‍ പെന്‍ഷനായി സര്‍വീസില്‍ നിന്നും വിരമിക്കുന്നതുകൊണ്ടാണ് ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കൃത്യമായി ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും ഇവര്‍ പറയുന്നു.തൃശൂര്‍ ഡിപ്പോയില്‍നിന്നുള്ള ലോ ഫ്‌ളോര്‍ ബസുകള്‍ നഷ്ടമില്ലാതെ സര്‍വീസ് നടത്തുന്നുണ്ടെന്നും വേനല്‍ക്കാലമായതോടെ കളക്ഷന്‍ കൂടിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. നല്ല ലാഭമുണ്ടാക്കാവുന്ന റൂട്ടുകളില്‍കൂടി ബാക്കിയുള്ള ആറു ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ സൗകര്യമൊരുക്കണമെന്നാണ് തൃശൂര്‍ ഡിപ്പോയുടെ ആവശ്യം. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമെല്ലാം ഇപ്പോള്‍ തൃശൂര്‍ ഡിപ്പോയില്‍ നിന്ന് എസി ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Related posts