സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന പേരില്‍ പ്രചരിപ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നും കോടതി പറഞ്ഞതിനു പിന്നാലെ ഈ വീഡിയോ പ്രചരിപ്പിച്ച ശില്പി തിവാരി മുങ്ങി. വിശ്രമിക്കാന്‍ പോകുകയാണെന്നു ട്വിറ്ററില്‍ അറിയിച്ചശേഷമാണ് ഇവര്‍ അപ്രത്യക്ഷയായത്. ഈ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത ചാനല്‍ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരുടെ സഹായത്തോടെയാണു കാമ്പസിനുള്ളില്‍ കടന്നതെന്നും റിപ്പോര്‍ട്ടില്‍ തെളിവു സഹിതം ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം തെളിയിക്കുന്നതിനായി ജെഎന്‍യുവിന്റെ സന്ദര്‍ശക രജിസ്റ്ററും റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ച കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായുള്ള വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നു കഴിഞ്ഞ ദിവസം ഫോറന്‍സിക് പരിശോധനാ ഫലം വന്നിരുന്നു. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും രണ്ടു വാര്‍ത്താ ചാനലുകള്‍ തയാറായില്ലെന്നും മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ത്തതു സംബന്ധിച്ച അന്വേഷണങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത അനുയായി കൂടിയായ ശില്പി തിവാരിയിലാണ് ഇപ്പോള്‍ ചെന്നുനില്ക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങളൊന്നുമില്ലെങ്കിലും ശില്പി തിവാരിയുടെ ട്വിറ്റര്‍ അക്കൗണ്ടിനെതിരേയാണ് സൂചനകള്‍.
ശില്പി തിവാരിയാണ് കനയ്യ കുമാറിനെതിരായ വീഡിയോ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചത്. കനയ്യ പ്രസംഗിക്കുന്ന വീഡിയോയില്‍ ശില്പി രാജ്യവിരുദ്ധ മുദ്രാവാക്യം കൂട്ടിച്ചേര്‍ക്കുകയായിരുന്നെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ശില്പി തിവാരിയുടെ ട്വിറ്റര്‍ അക്കൗണ്ട് സജീവമല്ല.
അക്കൗണ്ട് നിലവിലുണ്ടെങ്കിലും ട്വീറ്റുകളൊന്നും തന്നെ വന്നിട്ടില്ല. കനയ്യകുമാറിനെതിരേ പ്രചരിപ്പിക്കപ്പെട്ട രണ്ടു വീഡിയോകളില്‍ ക്യൂ-2 എന്നു പേരിട്ട രണ്ടാമത്തെ വീഡിയോ ശില്പി തിവാരി എന്ന യുആര്‍എല്‍ അഡ്രസില്‍ നിന്നുള്ളതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ അമേത്തിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ മാനേജരായിരുന്നു ശില്പി തിവാരി. ഇവരെ മാസം 35,000 രൂപ നല്കി കണ്‍സല്‍ട്ടന്റായി നിയമിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം ചട്ടങ്ങളില്‍ ഇളവുവരുത്തിയെന്നും ആരോപണമുണ്ട്. അതിനിടെ രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യ കുമാറിനെ ജയിലിലടച്ചതിനെതിരേ ജെഎന്‍യുവിലെ വിവിധ വിദ്യാര്‍ഥി യൂണിയനുകള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. നിരപരാധികളെ രാജ്യദ്രോഹികളാക്കുന്ന ഭരണകൂട നിലപാടിനെതിരെയാണു വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്.