ചമ്പക്കുളം: പള്ളാത്തുരുത്തി ഭാഗത്തും മറ്റ് ഇടങ്ങളിലും കനാല്‍ കൈയേറ്റം നിര്‍ബാധം തുടരുകയാണ്. എസി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും റോഡിന്റെ വശങ്ങളും കനാലുമെല്ലാം പൂർണമായും കൈയേറുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എസി കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്.
ഉദ്യോഗസ്ഥർ തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കിലായത് മുതലാക്കുകയാണ് കൈയേറ്റക്കാര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി കൈയേറ്റ നിര്‍മിതികളാണ് എസി കനാലിലും റോഡിലും നടക്കുന്നത്. പൊങ്ങ ജ്യോതി ജംഗ്ഷന് മുതല്‍ പള്ളാത്തുരുത്തി വരെയും പള്ളാത്തുരുത്തി മുതല്‍ ചങ്ങനാശേരി മനയ്ക്കച്ചിറ വരെയും കൈയേറ്റം നടക്കുന്നു. നടപടിയെടുക്കേണ്ടവരുടെ നിസംഗതയും പ്രോത്സാഹനവുമാണ് കൈയേറ്റക്കാർക്ക് തുണ.
കൈയേറ്റങ്ങളും വഴിയോരകച്ചവടവും റോഡിലെ ഗതാഗതത്തെപ്പോലും ദോഷമായി ബാധിക്കുന്നു. ഉയര്ന്നുനിൽക്കുന്ന ഓടകളും നടപ്പാതകളും വാഹന പാര്‍ക്കിംഗിന് തടസം സൃഷ്ടിക്കുന്നതിനാല്‍ കൈയേറി നിര്‍മിക്കുന്ന കടകള്‍ക്കു മുന്നില്‍ റോഡില്‍ത്തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അനധികൃത കൈയേറ്റങ്ങളെ പറ്റി ചോദിച്ചാല്‍ ഇലക്ഷന് തിരക്കാണ് എന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവിട്ടുള്ള കൈയേറ്റ നിർമാണങ്ങൾക്ക് ഇവരുടെ ഒത്താശയുണ്ടോ എന്ന സംശയവുമുണ്ട്.
