കേരള കോണ്‍ഗ്രസ് പിളര്‍പ്പിനു സാധ്യത: ഇന്നു തീരുമാനം; ഒഴിവാക്കാന്‍ ജോസഫിന്റെ ശ്രമം; ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തു വന്നിട്ടില്ല

Maniതിരുവനന്തപുരം:  കേരള കോണ്‍ഗ്രസ് പിളര്‍പ്പിനു സാധ്യതയേറി. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്റണി രാജു,ഡോ കെ.സി ജോസഫ്, പി.സി ജോസഫ് എന്നിവരാണ് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തു വന്നിട്ടില്ല. ഇന്നു ഉച്ചയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ രാത്രി ആന്റണി രാജുവിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വിമത നേതാക്കള്‍ യോഗം ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്തി. എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തന്നെയാണ് തീരുമാനമെടുത്തിരിക്കുന്നത്. ഈ തീരുമാനം ഇന്നലെ പി.ജെ ജോസഫിനേയും ഇവര്‍ അറിയിച്ചു. എന്നാല്‍ പിളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജിന് കോതമംഗലം സീറ്റും ആന്റണി രാജുവിന് കുണ്ടറ പുനലൂരോ നല്‍കുന്നതിന് ഇടപെടാമെന്നും കെ.സി ജോസഫിന് കഴിഞ്ഞ തവണ മത്സരിച്ച കുട്ടനാട് നല്‍കാമെന്ന ഉറപ്പ് പി.ജെ ജോസഫ് നല്‍കിയതായി അറിയുന്നു. എന്നാല്‍ ജോസഫിന്റെ നിര്‍ദ്ദേശം വിമതര്‍ തള്ളിക്കളഞ്ഞുവെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

ലഭിക്കുന്ന വിവരമനുസരിച്ച് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്തുവരുന്നവര്‍ നാളെ ഇടതു മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തും. ഇടതു മുന്നണിയിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എത്രയും വേഗം നിലപാട് വ്യക്തമാക്കണമെന്നാണ് ഇവരോട് ഇടതു നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇലക്ഷന്‍ പ്രഖ്യാപനം ഉണ്ടായാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലേയ്ക്ക് കടക്കണം. അതുകൊണ്ട് തന്നെ പിളര്‍പ്പിന്റെ വേഗം കൂടിയതും.

Related posts