തൃശൂര്‍/മുളങ്കുന്നത്തുകാവ്: ഞായറാഴ്ച വൈകിട്ട് അന്തരിച്ച നടന് കലാഭവന്‍ മണിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളജിലും തൃശൂര്‍ റീജണല്‍ തീയറ്ററിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട മണിയെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമായി തടിച്ചു കൂടിയത്.
ഉച്ചയ്ക്ക് 12.25 ഓടെയാണ് മൃതദേഹം റീജണല്‍ തിയേറ്ററില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്. രാവിലെ ഒമ്പതുമുതല്‍ തന്നെ വന്‍തിരക്കാണ് റീജണല്‍ തിയേറ്ററില്‍ അനുഭവപ്പെട്ടത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനുപോലും കഴിയാത്ത സ്ഥിതിയായിരുന്നു. അനൗണ്‍സ്മെന്റിലൂടെ ജനങ്ങളെ ഒതുക്കി നിര്‍ത്താന്‍ പോലീസും മറ്റും ശ്രമിച്ചുവെങ്കിലും മൃതദേഹം പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും മറ്റും പാടുപെട്ടു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് റീജണല്‍ തീയറ്ററില്‍ എത്തിയിരുന്നത്. അക്കാദമി കാമ്പസിന്റെ പുറത്തേക്ക് നീണ്ട ക്യൂ ദൃശ്യമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൊതുദര്‍ശനത്തിന് വച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. വന്‍തിരക്കാണ് മെഡിക്കല്‍ കോളജിലുമുണ്ടായത്.
റീജണല്‍ തിയേറ്ററില്‍ സംവിധായകരായ പ്രിയനന്ദനന്, വി.എം.വിനു, പി.ടി.കുഞ്ഞുമുഹമ്മദ്, നടന്മാരായ ജയറാം, മേഘനാഥന്, വി.കെ.ശ്രീരാന്, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍, ഇടവേള ബാബു, മുകേഷ്, ഇര്‍ഷാദ്, സംഗീത സംവിധായകന് എം.ഡി. രാജേന്ദ്രന്, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്, സി.എന്‍.ജയദേവന് എംപി, പി.കെ. ബിജു എംപി, ഡിസിസി പ്രസിഡന്റ് ഒ.അബ്ദുറഹ്മാന്‍കുട്ടി, മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്, മേയര്‍ അജിത ജയരാജന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, മരുളി പെരുനെല്ലി, എം.എം.വര്‍ഗീസ്, പി.കെ.ഷാജന്, മുന്‍ മേയര്‍ ബിന്ദു, എംഎല്‍എമാരായ പ്രഫ.സി.രവീന്ദ്രനാഥ്, ടി.എന്‍.പ്രതാപന്, എം.പി.വിന്‍സന്റ്, വി.എസ്.സുനില്‍കുമാര്‍, ബിജെപി നേതാവ് അഡ്വ.ഗോപാലകൃഷ്ണന്, സംഗീതനാടക അക്കാഡമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണന് നായര്‍, സാഹിത്യ അക്കാഡമി സെക്രട്ടറി ആര്.ഗോപാലകൃഷ്ണന്, പത്മശ്രീ പെരുവനം കുട്ടന്മാരാര്, തുടങ്ങിയവര്‍ മണിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.
മണിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലും പൊതുദര്‍ശനത്തിന് വച്ചു. പോസ്റ്റ്മോര്‍ട്ടം നടന്ന മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ വന്‍ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ജനത്തിരക്ക് മൂലം പൊതുദര്‍ശനം സജ്ജമാക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ പുതിയ കാഷ്വാല്‍റ്റിയിലെ ഒപി ബ്ലോക്കിലാണ് മണിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. ഡോ.രാജേന്ദ്രപ്രസാദ്, ഡോ.ഷെയ്ഖ് ഹുസൈന്, ഡോ.ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. രാവിലെ ഒമ്പതേകാലോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം പതിനൊന്നേകാലോടെ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നടന്മാരായ മുകേഷ്, ഇടവേള ബാബു, സിപിഎം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്, പി.കെ. ബിജു എംപി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്, ബി.ഡി. ദേവസി എംഎല്‍എ തുടങ്ങി നിരവധിപേര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
എസിപിമരായ ജയചന്ദ്രന്, സുദര്ശനന്, കെ.പി. ജോസ്, സിഐ മണികണ്ഠന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സ്ഥലത്തുണ്ടായിരുന്നു. ചാലക്കുടി ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് 4.30ന് വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും.
പ്രത്യേക സംഘം അന്വേഷണം തുടങ്ങി
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. റൂറല്‍ അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം. മണിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രാവിലെ എട്ടിന് വിശദമായ ഇന്‍ക്വസ്റ്റ് നടത്തി. ഒരു മണിക്കൂറോളം ഇന്‍ക്വസ്റ്റ് നടപടികള്‍ നീണ്ടു. തുടര്‍ന്ന് ഒന്‍പതോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്. മണിയുടെ ഔട്ട്ഹൗസിലെ ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മണിക്കൊപ്പം ഔട്ട്ഹൗസില്‍ മദ്യപിക്കാനുണ്ടായിരുന്നവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. മലയാളത്തിലെ ഒരു നടനും മണിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുകളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
തൃശൂര്‍: കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങള്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ പോലീസ് തീരുമാനിച്ചു. വിസറയും രക്തസാമ്പിളുകളും കാക്കനാട്ടെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്കാണ് അയക്കുക. ഇതിന്റെ പരിശോധന ഫലം ലഭിക്കുന്നതിന് ഒരു മാസമെങ്കിലുമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
അസ്വാഭാവിക മരണത്തിനാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും അതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല.