ആക്ഷന്‍ ഹീറോ അച്ഛന്‍; മകന്റെ മുഖത്ത് ഇടിക്കുമായിരുന്ന ബേസ്‌ബോള്‍ ബാറ്റ് തട്ടിമാറ്റിയ അച്ഛന്‍ താരമായി

daddyമകന്റെ മുഖത്ത് ശക്തിയായി ഇടിക്കുമായിരുന്ന ബേസ്‌ബോള്‍ ബാറ്റ് തട്ടിമാറ്റുന്ന അച്ഛന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ട്വിറ്ററിലെ പുതിയ സെന്‍സേഷന്‍. ഫ്‌ളോറിഡക്കാരനായ ഷോണ്‍ കണിംഗ്ഹാം മകനായ ലാണ്ടനെ ഒരു ബേസ്‌ബോള്‍ മത്സരം കാണാന്‍ കൊണ്ടുപോയി. ഒമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മകനെ ഒന്നു സന്തോഷിപ്പിക്കാനാണ് ഇതു ചെയ്തത്. ഈ മാച്ച് തങ്ങളെ പ്രശസ്തരാക്കുമെന്ന് അച്ഛനും മകനും വിചാരിച്ചു കാണില്ലെന്നുറപ്പ്.

അറ്റ്‌ലാന്റാ ബ്രേവ്‌സും പിറ്റ്‌സ്ബര്‍ഗ് പൈററ്റ്‌സും തമ്മിലുള്ള മത്സരമായിരുന്നു ഇവര്‍ കാണാന്‍ പോയത്. പൈററ്റ്‌സ് ടീമിലെ കളിക്കാരനായ സിഎഫ് ആന്‍ഡ്രൂവിന്റെ കൈയില്‍നിന്നു വഴുതിയ ബാറ്റ് ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തിന്റെ ഇടയിലേക്കാണ് പറന്നുചെന്നത്. കൃത്യമായി പറഞ്ഞാല്‍ ലാണ്ടന്റെ നേരേയാണു ബാറ്റ് പറന്നടുത്തത്.

മൊബൈല്‍ ഫോണില്‍ മുഴുകിയിരുന്ന ലാണ്ടന്‍ ഇതു ശ്രദ്ധിച്ചതുമില്ല. എന്നാല്‍, ശരവേഗത്തില്‍ പറന്നുവന്ന ബാറ്റ് അതിലും വേഗത്തില്‍ തന്റെ കൈ കൊണ്ടു പിതാവായ ഷോണ്‍ തടഞ്ഞു. ഈ നിമിഷം ഫോട്ടോ ജേണലിസ്റ്റായ ക്രിസ്റ്റഫര്‍ ഹോണര്‍ അതു പകര്‍ത്തിയതോടെയാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. 4,400 തവണയാണ് ഇതു റീട്വീറ്റ് ചെയ്യപ്പെട്ടത്.
കൊച്ചുലാണ്ടനു വര്‍ഷങ്ങളോളം അഭിമാനത്തോടെ പറയാവുന്ന ഹീറോയിസമാണ് അച്ഛന്‍ ചെയ്തതെന്നാണു സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. കൃത്യസമയത്ത് അദ്ദേഹം ബാറ്റ് തട്ടിമാറ്റിയില്ലായിരുന്നെങ്കില്‍ ലാണ്ടന്റെ സുന്ദരമുഖം തകര്‍ന്ന് അപകടമുണ്ടാകുമായിരുന്നു.

Related posts