കോന്നി: കോന്നി പെണ്‍കുട്ടികളുടെ തിരോധാനവും, ദുരൂഹ മരണവും രണ്ട് വർഷം പിന്നിടുന്നു. കോന്നി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ രാജി (17), ആതിര എസ്. നായർ(17), ആര്യ കെ. സുരേഷ്(17) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും തുടർന്ന് രണ്ടു പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും ഒറ്റപ്പാലത്തിനു സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയും ചെയ്തത്.
2015 ജൂലൈ ഒന്‍പതിന് സ്കൂളിലേക്ക് പുറപ്പെട്ട കൂട്ടുകാരികളായ മൂവരെയും സന്ധ്യ കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കോന്നി വിട്ടു പോയതായി അറിയുന്നത്.വീട്ടുകാർ പോലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
അന്വേഷണം നടക്കവേ 2015 ജൂലൈ 13ന് ഒറ്റപ്പാലം മങ്കരയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ രാജി, ആതിര എന്നിവരുടെ മൃതദേഹവും ഗുരുതര പരിക്കുകളോടെ ആര്യയെയും കണ്ടെത്തുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ഒരാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ആര്യ ജൂലൈ 20ന് മരിച്ചു.
കുട്ടികളുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് പിന്നീടു നടത്തിയ അന്വേഷണത്തിൽ ഇവർ ബംഗളൂരുവിൽ ചെന്നതായി സൂചന ലഭിച്ചു. പോലീസ് റെയിൽവേ സ്റ്റേഷനുകളിലും ബംഗളൂരുവിലും എത്തി അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. അന്നേ ദിവസം ഇവർ ചെങ്ങന്നൂരിൽ നിന്നും ബംഗളൂരുവിലേക്കും തിരികെ ചെങ്ങന്നൂരിലേക്കും രണ്ട് തവണ യാത്ര ചെയ്തതായി കണ്ടെത്തി .
പണത്തിനായി ഇവർ വിറ്റ ടാബും ഇത് വാങ്ങിയ കടക്കാരനെയും പോലീസ് കണ്ടെത്തിയെങ്കിലും കുട്ടികളെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. അന്വേഷണത്തിന്റെ വീഴ്ച വന്നതായുള്ള ആരോപണവും സംഭവം ഏറെ വിവാദമായതോടെയും അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ, വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കളും പെണ്‍കുട്ടികളുടെ വീടുകളിലെത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിൽ പോലീസ് റിപ്പോർട്ട് തൃപ്തികരമല്ലാതിരുന്നതിനെ തുടർന്ന് വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. ഇപ്പോൾ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.