സ്വന്തം ലേഖകൻ
തൃശൂർ: “തെളിവുകൾ ശക്തമാണ്, ഇനി എല്ലാം കോർത്തിണക്കിയാൽ മാത്രം മതി’- നടിയെ ആക്രമിച്ച സംഭവപരന്പരകളുമായി ബന്ധപ്പെട്ട കേസുകൾക്കായി നിയോഗിക്കപ്പെട്ട സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശൻ രാഷ്ട്രദീപികയോടു പറഞ്ഞു. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി തൃശൂരിലെ പ്രമുഖ അഭിഭാഷകനും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ സുരേശനെ നിയോഗിക്കാൻ ഇന്നലെയാണു സർക്കാർ തീരുമാനിച്ചത്.
തുടക്കംമുതലേ കേസിന്റെ സുശക്തമായ മേൽനോട്ടത്തിനാണു തെളിവെടുപ്പു ഘട്ടത്തിൽതന്നെ പ്രോസിക്യൂട്ടറെ നിയമിച്ചത്. നടിയുമായി അടുപ്പമുള്ളവരാണു സുരേശന്റെ പേരു നിർദേശിച്ചത്. സൗമ്യ കേസ് അടക്കം സമാന പ്രാധാന്യമുള്ള ഒരു ഡസനോളം കേസുകളിൽ അഡ്വ. എ. സുരേശൻ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു. സൗമ്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്കു വധശിക്ഷ വിധിക്കാവുന്ന വിധത്തിൽ കേസിന്റെ മേൽനോട്ടവും വിചാരണയും വാദവും നടത്തിയതു സുരേശനായിരുന്നു. എന്നാൽ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.
മേൽക്കോടതികളിൽ സുരേശന്റെ സേവനം പ്രയോജനപ്പെടുത്താതിരുന്നതാണു സുപ്രീം കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയാതെപോയതെന്ന ആരോപണം അന്നേയുണ്ടായിരുന്നു. സൗമ്യ കേസിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായിരുന്ന സുരേശനെതിരേ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി പോരാടിയ അഡ്വ. ബി.എ. ആളൂരാണ് ഈ കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ. എന്നാൽ കേസിൽ പ്രധാന പ്രതിയാകുന്ന നടൻ ദിലീപിന്റെ അഭിഭാഷകനായി എത്തുന്നതു പ്രഗൽഭനും സീനിയറുമായ അഭിഭാഷകൻ രാംകുമാറാണ്.
പ്രതികളെ രക്ഷിക്കാൻ ഇരുവരും നടത്താവുന്ന വാദങ്ങളെ പൊളിച്ചടക്കാൻ പ്രാപ്തമായ തെളിവുകളുണ്ടെന്നാണു സുരേശന്റെ വിലയിരുത്തൽ.”പോലീസ് വളരെ ശാസ്ത്രീയമായാണു തെളിവുകൾ ശേഖരിക്കുന്നത്. ലഭിച്ച തെളിവുകളെല്ലാം ശക്തവും പരസ്പര ബന്ധിതവുമാണ്. കേസന്വേഷണത്തിന്റെ പുരോഗതി മാധ്യമങ്ങളിൽനിന്നു മാത്രമാണു ഇതുവരെ മനസിലാക്കിയിട്ടുള്ളത്.
പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവു കൈപ്പറ്റിയാൽ വൈകാതെത്തന്നെ നടപടിക്രമങ്ങളിലേക്കു പ്രവേശിക്കും’- അഡ്വ. സുരേശൻ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. ഇതിനെതിരേ ശക്തമായ നടപടിയും ശിക്ഷയും ഉണ്ടാകണം. സമൂഹത്തിനു നല്ല സന്ദേശം നൽകുകയാണു ലക്ഷ്യമെന്നും സുരേശൻ വിശദീകരിച്ചു.